ന്യൂഡൽഹി: വൻ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് മാർച്ച് 2 മുതൽ ലണ്ടനിൽ കഴിയുന്ന വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ഭാരതം യു.കെയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
നിരവധി പ്രാവശ്യം ഭാരതത്തിലെത്തി നിയമനടപടികൾ നേരിടാൻ ആവശ്യപ്പെട്ടെങ്കിലും മല്യ വഴങ്ങിയിരുന്നില്ല. അതേത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മല്യയുടെ പാസ്പോർട്ട് മരവിപ്പിക്കുകയും തുടർന്ന് റദ്ദു ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് എത്രയും വേഗം മല്യയെ തിരികെയയയ്‌ക്കാൻ ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശകാര്യമന്ത്രാലയം ഡൽഹിയിലെ യു.കെ ഹൈക്കമ്മീഷണർക്ക് ഔദ്യോഗികമായി കൈമാറിയ കത്തിലാണ് വിജയ് മല്യയെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.