ആലപ്പുഴ : സി.പി.എം സ്ഥാപക നേതാവ് പി.കൃഷണപിള്ളയുടെ ആലപ്പുഴ കണ്ണർകാട്ടെ സ്മാരകം ആക്രമിച്ച് തകർത്തത് പാർട്ടിയിലെ വിഭാഗീയത മൂലമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. വി.എസ് അച്യൂതാനന്ദന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രൻ അടക്കം അഞ്ചു സി.പി.എം പ്രവർത്തകരാണ് പ്രതികളെന്ന് കണ്ടെത്തൽ. മുൻ അന്വേഷണ സംഘത്തിന്റെതിന് സമാനമായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
പി.കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. വി. ആർ രാജീവൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഞ്ഞിക്കുഴിയിലെ വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ രണ്ടു തട്ടിലായിരുന്ന സി.പി.എമ്മിലെ ഒരു വിഭാഗമാണ് സ്മാരകം ആക്രമിച്ചത്തിന് പിന്നിലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഔദ്യോഗികപക്ഷത്തിനെതിരെ ജന വികാരം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സ്മാരകം തകർത്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സി പി എം കണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയായിരുന്ന പി.സാബു ഒന്നാം പ്രതിയും വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രൻ രണ്ടാം പ്രതിയുമാണ്. പ്രദേശത്തെ മറ്റ് മൂന്ന് സി പി എം പ്രവർത്തകർ അടക്കം അഞ്ചു സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘങ്ങൾ സമർപ്പിച്ചതിന് സമാനമായ കുറ്റപത്രമാണ് ഈ അന്വേഷണ സംഘവും കോടതിയിൽ സമർപ്പിച്ചത്.
ഡിവൈ എഫ് ഐ പ്രവർത്തകരും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരും അടക്കം 28 പേർ സാക്ഷികളാണ്. പാർട്ടിയുടെ സമുന്നത നേതാവിന്റെ സ്മാരകം സി പിഎമ്മുകാർ തന്നെ തകർത്തത് യു ഡി എഫും ഉം എൻ ഡി എ യും പ്രചാരണ വിഷയമാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ CPM പാടുപെടുകയാണ്