രണ്ടാം ഭൂപരിഷ്കരണം .. ശ്രീനാരായണ ഗുരു പാർപ്പിട പദ്ധതി ..കർഷകർക്ക് പലിശ രഹിത വായ്പ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് വികസന രേഖ
തിരുവനന്തപുരം : 2016 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വികസന രേഖ എൻ ഡി എ പുറത്തിറക്കി . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് വികസന രേഖയുടെ പ്രകാശനം നിർവഹിച്ചത് . സംസ്ഥാനം രൂപീകരിച്ച് അറുപത് വർഷമായിട്ടും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് എൻ ഡി എ വികസന രേഖ.
പാർശ്വവത്കരിക്കപ്പെട്ടവരെ അഞ്ചു വർഷത്തിനുള്ളിൽ മുഖ്യധാരയിലെത്തിക്കാനുള്ള പത്തിന കർമ്മ പരിപാടിയാണ് വികസന രേഖയിലുള്ളത് . രണ്ടാം ഭൂപരിഷ്കരണം , ശ്രീനാരായണ ഗുരു പാർപ്പിട പദ്ധതി , ആദിവാസി യുവാക്കൾക്ക് സർക്കാർ ജോലി , കർഷകർക്ക് പലിശ രഹിത വായ്പ , തീരദേശ മേഖലയ്ക്ക് പതിനായിരം കോടി , ഒരു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങൾ , പരമ്പരാഗത വ്യവസായ -തൊഴിൽ മേഖലയ്ക്കായി പതിനായിരം കോടിയുടെ പാക്കേജ് തുടങ്ങി അടിസ്ഥാന വർഗ്ഗ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന രേഖയാണ് എൻ ഡി എ പുറത്തിറക്കിയത് .
ജാതിമത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഭാരത കേസരി മന്നത് പത്ഭനഭാന്റെ പേരിൽ സ്കോളർഷിപ് പദ്ധതി. 24 മണിക്കൂറും മുടങ്ങാതെ കുടിവെള്ള പദ്ധതി- ചേരി രഹിത കേരളം സൃഷ്ടിക്കുന്നതിനായി രണ്ടു വർഷത്തിനുള്ളിൽ പൂർണ്ണമായും ഗവൺമെന്റ് ഫണ്ടിങ്ങോട് കൂടി 10000 ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുമെന്നും വികസന രേഖയിലുണ്ട് .