ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നു പിടിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഗവർണർ കെ.കെ. പോൾ ദേശീയദുരന്തനിവാരണ സേനയുടെ സഹായം അഭ്യർത്ഥിച്ചു. നിലവിൽ ആറായിരത്തോളം സംസ്ഥാന ഉദ്യോഗസ്ഥർ തീയണയ്ക്കാനുളള പ്രയത്നത്തിലാണ്.
കാട്ടുതീ പതിവായിരിക്കുന്ന മേഖലയാണിത്. ഫെബ്രുവരി മുതൽ ഇതു വരെ 922 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത അപകടങ്ങളിലായി അഞ്ചു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പൗരി, ടെഹ്രി തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ കാട്ടു തീ ഭീഷണി നേരിടുന്നത്. പൈൻ മരങ്ങൾ ഇടതൂർന്നു വളരുന്ന പ്രദേശമാണിത്. ഇക്കൊല്ലം, കൊടും വേനൽ കൂടിയായതോടെ കാട്ടു തീ നിത്യ സംഭവമായിരിക്കുകയാണ്. വിഷയത്തിൽ ഗവർണർ അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേർത്തു.
ദേശീയദുരന്തനിവാരണസേനയുടെ വിദഗ്ദ്ധസംഘം കാട്ടുതീ നിയന്ത്രണവിധേയമാക്കുമെന്ന് ചീഫ് സെക്രട്ടറി ശത്രുഘ്നൻ സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. പൊലീസ് ഐജി സഞയ് ഗുഞ്ച്യാൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. എവിടെയെങ്കിലും കാട്ടു തീ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വേനൽക്കാലത്ത് പ്രദേശത്ത് കാട്ടുതീ സാധാരണമാണെങ്കിലും ഇത്ര ഉയർന്ന തോതിൽ കാട്ടു തീ പടർന്നു പിടിച്ചതാണ് സ്ഥിതി നിയന്ത്രണാതീതമാകാൻ കാരണം.