ഇറാഖിൽ ഭരണപ്രതിസന്ധി രൂക്ഷം. മുക്താദ അൽ സദറിനെ അനുകൂലിക്കുന്ന ഷിയാ പ്രക്ഷോഭകർ പാർലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറി. പാർലമെന്റ് മന്ദിരം വളഞ്ഞ പ്രതിഷേധക്കാർ സമരം തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ, ബാഗ്ദാദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇറാഖിലെ ഷിയാ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുളള മന്ത്രിസഭയ്ക്ക് അംഗീകാരം ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ ആയിരക്കണക്കിന് വരുന്ന അനുയായികളാണ് സമരരംഗത്ത്. ഇറാഖിൽ രണ്ടാഴ്ച്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായാണ് സമരം രൂക്ഷമായത്. ബാഗ്ദാദിലെ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫീസും വിവിധ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലേക്ക് പ്രക്ഷോഭകർ ഇരച്ചു കയറുകയായിരുന്നു. സുരക്ഷാ സൈനികരെ തളളിമാറ്റി കൊണ്ടാണ് പ്രതിഷേധക്കാർ പാർലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിച്ചത്.
ദേശീയ ഐക്യ സർക്കാരിന്റെ ഭാഗമായി പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന നടപടി, പാർലമെന്റിൽ വേണ്ടത്ര ഹാജർനിലയില്ലാത്തതിനാൽ ഇന്നലെ വീണ്ടും മുടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രീന്സോണിന് പുറത്ത് തുടരുകയായിരുന്ന പ്രക്ഷോഭം, അകത്തേക്കു മാറിയത്. പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിൽ ബാഗ്ദാദിൽ അടിയന്താവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.