പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദളിത് യുവതി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടും നിശ്ശബ്ദത പാലിക്കുന്ന രാഷ്‌ട്രീയ-അധികാരിവർഗ്ഗം പൊതുസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. സംഭവം നടന്ന് അഞ്ചു ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ഡൽഹിയിലെ നിർഭയ കൊലപാതകം ചലനങ്ങൾ സൃഷ്ടിച്ച കേരളത്തിൽ, നാടിനെ നടുക്കിയ സംഭവം നടന്നിട്ടും ഭരണ പ്രതിപക്ഷ കക്ഷികളിൽ നിന്നും ആരും താൽപര്യം കാണിക്കാത്തതിനെതിരേ ജനങ്ങൾ രംഗത്തിറങ്ങിയിരിക്കുകയാണ്. വിഷയം സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴി വയ്‌ക്കുന്നത്.
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ ഇരട്ടത്താപ്പും, കപടമുഖവുമാണ് ഈ സംഭവം പുറത്തു കൊണ്ടുവരുന്നതെന്ന് സംഭവത്തോടു പ്രതികരിക്കുന്നവർ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നുണ്ട്.
ഇതിനിടെ, കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതപ്പെടുന്ന ഇരുമ്പു ദണ്ഡും, കത്തിയും, ഒരു ചെരിപ്പും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ജിഷയുടെ സുഹൃത്തുക്കളിലേക്കും, പരിചയക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുവെന്നു പറയപ്പെടുമ്പൊഴും അന്വേഷണമിപ്പൊഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്.
കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ജിഷയുടേത്. അതിക്രൂരമായ ബലാൽസംഗത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജിഷയുടെ അമ്മ മാനസികാസ്വാസ്ഥ്യമുളളയാളായിരുന്നു. കൂലിപ്പണിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ പരീക്ഷയ്‌ക്കുളള തയ്യാറെടുപ്പിലായിരുന്നു.
സംഭവത്തിൽ അന്യസംസ്ഥാനതൊഴിലാളികൾക്ക് പങ്കുണ്ടോ എന്നും സംശയിക്കപ്പെടുന്നു. ജിഷയുടെ മരണത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് അദ്ധ്യാപകരും, സഹപാഠികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.