ന്യൂഡൽഹി : 1984 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് നടമാടിയ സിഖ് വംശഹത്യയിൽ ദുരിതമനുഭവിച്ച 1020 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഇരകൾക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതി പുനരാരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി. രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് കുടുംബങ്ങൾക്ക് ലഭിക്കുക.
ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നേരിടേണ്ടി വന്ന് പഞ്ചാബിലേക്ക് കുടിയേറിയ കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. 84 ലെ സിഖ് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള പരാതികളെപ്പറ്റി അന്വേഷിക്കാൻ നരേന്ദ്രമോദി സർക്കാർ നിയോഗിച്ച ജി പി മാഥുർ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് കേന്ദ്ര തീരുമാനം വന്നത് .
സ്കിൽ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ കീഴിൽ കുടുംബങ്ങളിലെ അർഹരായ ആളുകൾക്ക് നൈപുണ്യ പരിശീലനം നൽകാനുള്ള ശുപാർശയും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേസുകളെക്കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക അന്വേഷണ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
1984 ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് സിഖ് കാർക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിൽ ഇന്ത്യയിലാകെ 3325 പേരാണ് കൊല്ലപ്പെട്ടത് . ഡൽഹിയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം സർക്കാർ കണക്കനുസരിച്ച് 2733 ആണ് .ആകെ ചാർജ്ജ് ചെയ്യപ്പെട്ട 241 കേസുകളിൽ നാലെണ്ണത്തിൽ മാത്രമാണ് പുനരന്വേഷണം നടന്നത് . എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്.