കോഴിക്കോട്: അവരവരുടെ മേഖലകളില്‍ പ്രശസ്തരാണെങ്കിലും ചെക്കു കേസുകളില്‍ പ്രതികളായതിന്റെ പേരിലാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളിലെ രണ്ട് സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയരാകുന്നത്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിനെതിരെ 54 ചെക്ക് കേസുകളാണുള്ളതെങ്കില്‍ കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരെ നിലവില്‍ 9 ചെക്ക് കേസുകളുണ്ട്.
സംസ്ഥാനത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള മല്‍സരാര്‍ഥി കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എം.വി നികേഷ് കുമാറാണ്. ലക്ഷക്കണക്കിന് രൂപയുടെ ചെക്ക് നല്‍കിയിട്ട് പണം നല്‍കാത്തതിന്റെ പേരില്‍ വിവിധയിടങ്ങളിലാണ് കേസുള്ളത്. മറ്റ് ഇടതു സ്ഥാനാര്‍ഥികളുടെ പേരിലും കേസുകളുണ്ടെങ്കിലും അതെല്ലാം രാഷ്‌ട്രീയ സമരങ്ങളുടെ ഭാഗമായി പത്തില്‍ താഴെ മാത്രം.
യു.ഡി.എഫുകാര്‍ ഇതൊരു വലിയ പ്രചരണ ആയുധമാക്കിയെങ്കിലും കോഴിക്കോട് സൗത്തിലെ യു,ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരെയും ഒന്‍പത് കേസുകളുണ്ടെന്ന് വ്യക്തമായതോടെ എതിരാളികള്‍ക്കും വലിയൊരു ആയുധം ലഭിച്ചു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ നല്‍കിയ വ്യാജ ചെക്ക് കേസില്‍ മുനീര്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അപ്പീലിന്റെ ബലത്തിലാണ് ഇത്തവണ സ്ഥാനാര്‍ഥിയായത്.
ഇതിന് പുറമെ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച കടുത്ത നടപടികളില്‍ പ്രതിഷേധിച്ച് ചാനലിലെ ജീവനക്കാരന്‍ പുതിയങ്ങാടി സ്വദേശി സാജന്‍ മുനീറിനെതിരെ സ്ഥാര്‍ഥിയായയതും മുന്‍ മന്ത്രിക്ക് തലവേദനയാവുകയാണ്. ഇന്ത്യാവിഷനിലെ ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ മുനീറിന് എങ്ങനെ ചിരിച്ചു കൊണ്ട് വോട്ട് ചോദിക്കാനാകുമെന്ന് ജീവനക്കാര്‍ തുറന്ന കത്തിലൂടെ ചോദിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗവുമായി.
കുടുംബവുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിന്റെ പേരില്‍ നികേഷിന്റെ ഭാര്യ റാണി ജോര്‍ജും ക്രിമിനല്‍ കേസിലെ പ്രതിയെന്ന് പറഞ്ഞതിന്റെ പേരില്‍ രമേശ് ചെന്നിത്തലക്കെതിരെ നികേഷും കേസ് നല്‍കിയിട്ടുണ്ട്. എന്തായാലും മാദ്ധ്യമ രംഗത്ത് നിറഞ്ഞ് നിന്ന നികേഷ് കുമാറും നല്ല കോഴിക്കോട്ടുകാരന്‍ എന്ന ഇമേജുള്ള മന്ത്രി എം.കെ.മുനീറും സ്ഥാനാര്‍ഥികളായതോടെ ചെക്ക് കേസുകാര്‍ എന്ന കുപ്രസിദ്ധിയാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്.