കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവും, മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ ജയിച്ചത് യുഡിഎഫ് വോട്ട് കൊണ്ടാണെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു ആരോപിച്ചു. ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ സി പി എം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവണമെന്നും അബു ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതു വലതു മുന്നണികള്‍ ആശങ്കയിലാവുന്നതിന്റെ സൂചനയാണ് കെ സി അബുവിന്റെ പ്രസ്താവന. കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു ബി ജെ പി യാണെന്നും കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ നേടിയാണ് സി പി എം നേതാവ് തോട്ടത്തില്‍ രവീന്ദ്രന്‍ ജയിച്ചതെന്നും, അത് സി പി എം മറക്കരുതെന്നും അബു ഓര്‍മ്മപ്പെടുത്തുന്നു.
വര്‍ഗീയ പ്രസ്താവന നടത്തിയതിന്റെ പേരില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അബുവിനെ ശാസിച്ചിരുന്നു. ഇതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ അബു തയാറായില്ല.
കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം ബാന്ധവത്തിന് തയാറാണെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് ജില്ലാ നേതാവ് തന്നെ രംഗത്തെത്തിയത്.