ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ. വെബ് സൈറ്റിന്റെ ചുമതലയുള്ള ഐ ആര് സി ടി സി യാണ് ഇക്കാര്യം ജനം ടിവിയോട് വ്യക്തമാക്കിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഏതെങ്കിലും വിവരങ്ങള്‍ നഷ്ടമായോ എന്നന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചുവെന്നും റെയില്‍വേ വ്യക്തമാക്കി.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ നഷ്ടപെട്ടുവെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഐ.ആര്.സി.ടിസി പി.ആര്.ഒ സന്ദീപ് ദത്ത് ജനം ടി.വി യോട് പറഞ്ഞു.
ടിക്കറ്റ് ബുക്കിങ്ങിന്റെ ഭാഗമായി കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ ആശ്രയിക്കുന്ന വെബ് സൈറ്റാണ് ഐ.ആര്.സി.ടിസിയുടേത്. അതിനാല്‍ തന്നെ ഏതെങ്കിലും വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബുക്കിങ്ങിന്റെ ഭാഗമായി ഉപഭോക്താകളുടെ പേരും ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പാന്‍കാര്‍ഡ് നമ്പരുമടക്കമുള്ള വിവരങ്ങള്‍ വെബ് സൈറ്റുമായി ബന്ധപ്പെട്ടാണ് സൂക്ഷിക്കുന്നത്. ഇന്ത്യല്‍ റെയില്‍വേയുടെയും ഐആര്സിറ്റിസിയുടേയും ഉന്നത ഉദ്ദ്യോഗസ്ഥരടങ്ങുന്ന സംയുക്തസമിതിയെയാണ് അന്വേഷണത്തിനായി ചുമതപ്പെടുത്തിയിട്ടുള്ളത്. സമിതി ഇക്കാര്യം പരിശോധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.