കൊല്ലം: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണുള്ളത്. കേരള രാഷ്‌ട്രീയത്തില്‍ വി.എസ്.അച്യുതാനന്ദന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപികള്‍ എവിടെയെന്ന് വിഎസ് വ്യക്തമാക്കണമെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ചാത്തന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് സംസ്ഥാനത്ത് നടന്ന ദളിത് അതിക്രമത്തില്‍ രാജ്‌നാഥ് സിംഗ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന പക്ഷം സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളും. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ജിഷ കൊലക്കേസില്‍ നീതി നടപ്പാക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന വിഎസ് അച്യുതാനന്തന്റെ മുതലെടുപ്പ് രാഷ്‌ട്രീയത്തെയും രാജ്‌നാഥ് സിംഗ് വിമര്‍ശിച്ചു. കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട വിഐപികളെ വെളിപ്പെടുത്തുമെന്ന് വാഗ്ദാനം നല്‍കി 2006 ല്‍ മുഖ്യമന്ത്രി ആയ ആളാണ് വിഎസ്. എന്നാല്‍ ആ വിഐപികള്‍ ഇപ്പോള്‍ എവിടെയെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഒഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള അഴിമതിയാരോപണങ്ങളില്‍ ഇടത് പാര്‍ട്ടികള്‍ തുടരുന്ന മൗനം കോണ്‍ഗ്രസ്സുമായുള്ള ബംഗാള്‍ ബാന്ധവം മൂലമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.