ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരസ്യപ്പെടുത്തിക്കൊണ്ട് ബി.ജെ.പി ദേശീയനേതൃത്വം. ഇതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തുടർച്ചയായ ആരോപണങ്ങൾക്ക് പ്രഹരവും, അവസാനവുമാവുകയാണ്.
ഡൽഹിയിൽ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി തുടങ്ങിയവർ ചേർന്നാണ് മാദ്ധ്യമങ്ങൾക്കു മുൻപിൽ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരസ്യപ്പെടുത്തിയത്.
കേജ്രിവാൾ, പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ സംബന്ധിച്ച് അസത്യപ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇതു വഴി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് കെജ്രിവാൾ ശ്രമിച്ചത്. അരവിന്ദ് കെജ്രിവാൾ, പ്രധാനമന്ത്രിയോടു മാത്രമല്ല ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പു പറയണം, പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ട് അമിത് ഷാ ആവശ്യപ്പെട്ടു.
ഇത് എക്കാലത്തെയും തരം താഴ്ന്ന ആരോപണമായിരുന്നെന്നും, ഇതിനു വഴി വച്ച രാഷ്ട്രീയനേതാക്കൾ വിചാരണ ചെയ്യപ്പെടുകയാണ് വേണ്ടതെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു.
നരേന്ദ്രമോദി ഡൽഹി യൂണിവേഴ്സിറ്റിയിൽ പരീക്ഷയ്ക്കായെത്തുന്നത് 1975-77 ൽ അടിയന്തരാവസ്ഥക്കാലത്തായിരുന്നുവെന്നും അരുൺ ജയ്റ്റ്ലി അനുസ്മരിച്ചു.
അടിയന്തരാവസ്ഥ കഴിഞ്ഞ കാലങ്ങളിൽ താൻ ഡൽഹി യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്നതിനാൽ ഈ സംഭവങ്ങൾ ഓർമ്മിക്കുന്നുണ്ടെന്നും അരുൺ ജയ്റ്റ്ലി കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ മാദ്ധ്യമപ്രവർത്തകർക്ക് വിതരണം ചെയ്തു. ഇത്തരം വിശദീകരണങ്ങൾ ആവശ്യമായി വരുന്നത് ലജ്ജാകരമാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
അരവിന്ദ് കേജ്രിവാളിന്റെ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് സർവ്വകലാശാലാ വൈസ് ചാൻസലറും രംഗത്തെത്തിയിരുന്നു. എന്നാൽ വിവാദം വീണ്ടും തുടരുകയായിരുന്നു കേജ്രിവാൾ.