തിരുവനന്തപുരം: നാരായണഗുരുദേവനും നിത്യചൈതന്യയതിയും ഉള്‍പ്പടെയുള്ള മഹാരഥന്‍മാര്‍ നിര്‍മ്മിച്ച പൂന്തോട്ടത്തെ നശിപ്പിക്കുന്ന കള്ളിമുള്‍ച്ചെടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍. ഇതിനെ ചുവടോടെ പിഴുതെറിയാന്‍ ജനം കാത്തിരിക്കുകയാണ്. ഇത് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് അദ്ദേഹത്തിനുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയും ചര്‍ച്ചയാകാതിരിക്കാനുള്ള തത്രപ്പാടാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.
വികസന മുരടിപ്പ്, അഴിമതി എന്നീ കാര്യങ്ങളില്‍ ജനങ്ങളുടെ മുന്നില്‍ ഉടുതുണി നഷ്ടപ്പെട്ട ആളുടെ അവസ്ഥയില്‍ നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. അഴിമതിയുടെയും വികസനമുരടിപ്പിന്റേയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇവര്‍ക്കാവില്ല. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനാണ് മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിനാണ് ബിജെപിക്കും ദേശീയ ജനാധിപത്യസഖ്യത്തിനുമെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കഴിഞ്ഞ നാളുകളിലെ അഴിമതിയും വികസന മുരടിപ്പും തന്നെയാണ്. ഉമ്മന്‍ചാണ്ടി എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ജനങ്ങള്‍ ഇത് മറക്കില്ല.
കേരളം സാമൂഹ്യമായി ഇത്രയും അധപതിച്ച കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. എന്നിട്ടും അതിലൊന്നും അസ്വാഭാവികത തോന്നാത്തത് ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആരെ ജയിപ്പിക്കണം തോല്‍പ്പിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത് അനുവദിക്കില്ലെന്ന് പറയുന്നത് വോട്ടുകച്ചവടം നടത്താനാണ്.
ബിജെപിയെ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്കെതിരായ പ്രസ്താവനകള്‍ ഔദ്യോഗിക പത്രക്കുറിപ്പായാണ് ഇറക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്ന് ഉമ്മന്‍ചാണ്ടി പിന്‍മാറണമെന്നും കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.