തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാസർകോട്ടെ പ്രസംഗം ദേശീയ തലത്തിൽ ചർച്ചയാകുന്നു. സദാനന്ദൻ മാസ്റ്ററുടെ കൈകൾ ഉയർത്തി പിടിച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറ്റുന്നതു കൂടിയായി.
അങ്ങേയറ്റം വൈകാരികമായിരുന്നു ആ രംഗം. സദാനന്ദൻ മാസ്റ്ററുടെ കൈകൾ ഉയർത്തി പിടിച്ച്, ഡൽഹിയിലുള്ളവർ കാണൂ, ഇതാ സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ഉറക്കെ പറഞ്ഞപ്പോൾ, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറ്റുന്ന വാക്കുകളായി.
ഉചിതമായിരുന്നു പ്രധാനമന്ത്രിയുടെ ആ നീക്കമെന്ന് പിന്നീട് ജനം ടുനൈറ്റിൽ സദാനന്ദൻ മാസ്റ്ററും പ്രതികരിച്ചു.
കൊലക്കേസ് പ്രതിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം ശ്രമിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ പിണറായി വിജയന് നേർക്കുള്ള വിമർശനമായി. അപ്രകാരം പ്രചാരണത്തിന്റെ അവസാന ആഴ്ചയിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ദേശീയ തലത്തിൽ പോലും ചർച്ചയാകുമ്പോൾ പ്രതിരോധിക്കാൻ പുതിയ വഴികൾ തേടുകയാണ് സിപിഎം.