തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വൈകാരിക രാഷ്‌ട്രീയം കളിക്കുകയെന്നത് കോണ്‍ഗ്രസിന്റെ പണ്ടേയുള്ള തന്ത്രമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി. കേസരി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘വോട്ടുകാര്യം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വൈകാരികമായി രാഷ്‌ട്രീയം അവതരിപ്പിക്കുകയെന്ന തന്ത്രത്തിന്റെ കാലം കഴിഞ്ഞു. സ്‌പെക്ട്രവും കോമണ്‍വെല്‍ത്തും ടുജിയും ത്രിജിയുമൊക്കെ ജനങ്ങള്‍ കണ്ടതാണ്. ഒഗസ്റ്റ ഹെലികോപ്ടറില്‍ മോദിയോ സര്‍ക്കാരോ സോണിയയ്‌ക്കെതിരെ ഇത്രയുംകാലം എന്തെങ്കിലും പറഞ്ഞോ? പറഞ്ഞത് ഇറ്റലിയിലെ ഹൈക്കോടതിയാണ്. കേന്ദ്ര സര്‍ക്കാരല്ല. ഇറ്റലിയിലെ കോടതിവിധിക്ക് ബിജെപിയെ പഴിക്കുന്നതെന്തിന്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല.
ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഉത്തരാഖണ്ഡ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ബിജെപിയെ പഴിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് വിശ്വാസ വോട്ടിലേക്കെത്തിച്ചത്. അതിനു മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നതെന്തിനാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരുപാട് ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. അതിനു ബിജെപിയെ പഴിക്കാതിരുന്നതിന് നന്ദിയുണ്ടെന്നും ഗഡ്കരി പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം 55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മിച്ചം. കാര്‍ഷിക മേഖല തകര്‍ന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് മാതൃകയിലെ നയങ്ങളാണ് നെഹ്‌റു സര്‍ക്കാര്‍ മുതല്‍ പിന്തുടര്‍ന്നത്. ഇന്ന് കമ്യൂണിസ്റ്റു രാജ്യങ്ങള്‍പോലും അതുപേക്ഷിച്ചു. വികസനം സംബന്ധിച്ച് സര്‍ക്കാരുകളുടെ നയങ്ങളാണ് മാറേണ്ടത്. ബിജെപി ഊന്നല്‍ നല്‍കുന്നത് കാര്‍ഷികമേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലുമാണ്.
ബിജെപി അധികാരത്തിലെത്തുമ്പോള്‍ പ്രതിദിനം രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചിരുന്നത് ഇന്ന് പ്രതിദിനം 20കിലോമീറ്ററായി. ഭാവിയില്‍ അത് 30 ആക്കാന്‍ കഴിയും. ഒന്നരലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നു. ഒരുലക്ഷം കോടി രൂപയുടെ തുറമുഖ വികസന പദ്ധതികളാണ് നടക്കുന്നത്. രണ്ടരലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ നടക്കുന്നു. കേരളത്തില്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ബിജെപി അധികാരത്തില്‍വന്നപ്പോള്‍ ജിഡിപി നിരക്ക് 4.25 ആയിരുന്നത് ഇന്ന് 7.5 ആയി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് 10 ആക്കാന്‍ കഴിയും. ബിജെപി ഭരണകാലത്ത് രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍നിന്ന് 6000 കോടി രൂപയുടെ ലാഭമുണ്ടാക്കാനായി. ജലഗതാഗതത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.
രാജ്യത്തെ 111 നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ജലഗതാഗതപദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ തുച്ഛമായ നിരക്കില്‍ ചരക്കുനീക്കം സാധ്യമാകും. സാഗര്‍മാല പദ്ധതിയിലൂടെ എട്ടുലക്ഷം കോടിരൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുക. തുറമുഖ വികസനത്തിന് നാലു ലക്ഷം കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 12 ലക്ഷം കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ലക്ഷം കോടികളുടെ കണക്ക് കേള്‍ക്കുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാവുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. പറയുന്നത് നടപ്പാക്കിയ ചരിത്രമാണ് ബിജെപിക്കുള്ളത്.
രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ പ്രധാന പ്രശ്‌നമാണ്. കാര്‍ഷിക സംസ്ഥാനങ്ങളില്‍ വേണ്ടത്ര ജലസേചനപദ്ധതികള്‍ ഇല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. ഇത് മറികടക്കാന്‍ ചരിത്രത്തിലാദ്യമായി ബജറ്റില്‍ വകയിരുത്തിയത് 80,000 കോടി രൂപയാണ്. 89 സുപ്രധാന ജലസേചനപദ്ധതികള്‍ രാജ്യത്ത് നടപ്പാക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. ചെക്ക് ഡാമുകള്‍ വ്യാപകമായി നിര്‍മ്മിക്കും. കാര്‍ഷികമേഖലയുടെ പുരോഗതിയിലൂടെയും തൊഴില്‍സംരംഭങ്ങളിലൂടെയും മാത്രമേ രാജ്യത്തെ ദാരിദ്ര്യം അവസാനിപ്പിക്കാനാവൂയെന്നും ഗഡ്കരി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരുകളുടെ മനോഭാവം മാറണം. വികസന വിരുദ്ധമായ നിലപാടാണ് കേരളത്തിന്റെ വികസനം മുരടിപ്പിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക നയങ്ങള്‍ ഉണ്ടാവണം. മധ്യപ്രദേശിലെയും ഗുജറാത്തിലെയും കാര്‍ഷിക നയങ്ങള്‍ മാതൃകയാക്കണം. കേരളത്തില്‍ തുറമുഖ വികസനത്തിനും ടൂറിസത്തിനും അനന്ത സാധ്യതകളുണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നില്ല. കേരളത്തില്‍ വികസന രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിക്കാവും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ഭരണരംഗത്ത് ബിജെപി നിര്‍ണായക ശക്തിയാകുമെന്നും ഗഡ്കരി പറഞ്ഞു.
ബിജെപി വക്താവ് ജെ.ആര്‍. പത്മകുമാര്‍, കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് സി. റഹീം, ട്രഷറര്‍ പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.