ധാക്ക: 1971 ലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ, ബംഗ്ലാദേശിൽ ജമാ അത്തെ ഇസ്ലാമി നേതാവ് മോത്തിയൂർ റഹ്മാൻ നിസാമിയെ തൂക്കിലേറ്റി. വംശഹത്യയും, ബലാൽസംഗവും, കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകുകയുമടക്കമുളള കുറ്റങ്ങളാണ് നിസാമിയുടെ പേരിലുണ്ടായിരുന്നത്. 73 വയസ്സായിരുന്നു.
വധശിക്ഷയ്ക്കെതിരെ നിസാമി സമർപ്പിച്ച അവസാന ഹർജ്ജിയും ബംഗ്ലാദേശ് പ്രസിഡന്റ് തളളിയതിനെത്തുടർന്ന്, ബുധനാഴ്ച്ച വെളുപ്പിനെ, 12 മണിയോടെ ധാക്ക സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.
വധശിക്ഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജയിൽ വളപ്പിൽ നിരവധി ആളുകൾ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. 45 വർഷമായി കാത്തിരുന്ന ദിവസമാണിതെന്നും, ഒടുവിൽ നീതി നടപ്പായി എന്നും ആഹ്ലാദപ്രകടനത്തിൽ പങ്കെടുക്കാനെത്തിയ വൃദ്ധസൈനികൻ അക്രം ഹുസൈൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.
2013 നു ശേഷം ഇത് അഞ്ചാമത്തെ പ്രതിപക്ഷനേതാവാണ് ബംഗ്ലാദേശിൽ തൂക്കിലേറ്റപ്പെടുന്നത്. ഇതിൽ നാലു പേരും ജമാ അത്തെ ഇസ്ലാമി നേതാക്കളാണ്. ഇതിനു മുൻപും സമാനമായ ശിക്ഷ നടപ്പാക്കലിനോടനുബന്ധിച്ചു നടന്ന സംഘർഷത്തിൽ പൊലീസും, ജമാ അത്തെ ഇസ്ലാമി പ്രവർത്തകരുമടക്കം ഇരുനൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തോടനുബന്ധിച്ച് ജമാ അത്തെ ഇസ്ലാമി രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസിനെയും, സൈനികരെയും രാജ്യത്ത് വിന്യസിച്ചിട്ടുണ്ട്.