കോഴിക്കോട് : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ വീറും വാശിയും അതിന്റെ ഉച്ചസ്ഥായിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ പുതിയൊരു വിധിയെഴുത്തിന് കേരളം കാതോര്‍ക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനിനാലു നാള്‍ കൂടി മാത്രം. അവസാനഘട്ട പ്രചാരണത്തിനായി ദേശീയ നേതാക്കളുടെ നീണ്ട നിരയാണ് കേരളത്തിലേക്ക് എത്തിയത്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സോണിയാഗാന്ധി മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും പ്രചരണത്തിന് എത്തിയിരുന്നു. വേനല്‍ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലായ കേരളം കയ്യും മെയ്യും മറന്നാണ് ഈ നേതാക്കളെ സ്വീകരിച്ചത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മേല്‍ക്കൈ നേടിയ, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ അവസാന ലാപ്പിലും മേധാവിത്വം നിലനിര്‍ത്തുന്നുണ്ട്. വിവിധ ജില്ലകളിലെ റാലികളില്‍ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്‍.ഡി.എയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരെ കൂടാതെ കേന്ദ്രമന്ത്രിമാരും രംഗത്തിറങ്ങിയതോടെ ജനങ്ങളില്‍ വലിയൊരു ആവേശം സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു.
ബാര്‍ കോഴ, മന്ത്രിമാരുടെ അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളായിരുന്നു ആദ്യഘട്ടത്തിലെ പ്രചരണ വിഷയങ്ങള്‍. അവസാന ആഴ്ചയിലേക്ക് എത്തിയപ്പോള്‍ പെരുമ്പാവൂരിലെ ജിഷാ വധം രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും സൃഷ്ടിച്ചു. സ്വന്തം തട്ടകങ്ങള്‍ എന്ന് അഹങ്കരിച്ചിരുന്ന പല മണ്ഡലങ്ങളിലും എന്‍.ഡി.എയുടെ സാന്നിധ്യം ഇരു മുന്നണികളെയും ഏറെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ബി.ജെ.പി നേടുന്ന വോട്ടുകളാവും മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധം പല മണ്ഡലങ്ങളിലും വിധി നിര്‍ണയിക്കുകയെന്ന് വ്യക്തമായി കഴിഞ്ഞു. എന്തായാലും പതിനാറാം തീയതി പോളിങ് ബൂത്തിലേക്ക് പോകുന്ന സമ്മതിദായകര്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വലിയൊരു മാറ്റം സൃഷ്ടിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.