കൊച്ചി: എൻ.ഡി.എ യുടെ തെരഞ്ഞെടുപ്പു പ്രചാരണപരിപാടികളുടെ ഭാഗമായി തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്തു ചേരുന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും.
പ്രധാനമന്ത്രിയെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കേ വലിയ ആവേശത്തിലാണ് കൊച്ചി. മഹാസമ്മേളനത്തിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് രാജനഗരിയിപ്പോൾ. ഏകദേശം 6 ലക്ഷത്തോളം ആളുകൾ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്ന സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ചെയ്തിട്ടുളളത്. ശക്തമായ സുരക്ഷയാണ് ഇതു സംബന്ധിച്ച് ഏർപ്പെടുത്തിയിട്ടുളളത്. വിപുലമായ പാർക്കിംഗ് സൗകര്യവും, ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
നാടും, നഗരവും ഇളക്കി മറിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടന്ന തീവ്ര സമ്പർക്ക യജ്ഞം മണ്ഡലത്തിലെ വിവിധ ജനവിഭാഗങ്ങളുടെയിടയിൽ ദേശീയതയുടെ പുത്തനുണർവ്വുണ്ടാക്കുന്നതായിരുന്നു.
ഇന്നു വൈകിട്ട് 5 മണിയോടെ, കൊച്ചി വ്യോമസേനാ ആസ്ഥാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗ്ഗമാവും സമ്മേളനനഗരിയായ പുതിയകാവിലെത്തുക. സമ്മേളനസ്ഥലത്ത് 7 മണിയോടെ നരേന്ദ്രമോദി എത്തിച്ചേരും. എൻ.ഡി.എ യുടെ മുതിർന്ന നേതാക്കളോടൊപ്പം, ജില്ലയിലെ 14 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കും.
മഹാസമ്മേളനം ഇന്നു വൈകിട്ട് 6 മണിമുതൽ ജനം ടി.വി തത്സമയം സംപ്രേഷണം ചെയ്യും.