തിരുവനന്തപുരം: യുഡിഎഫിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കൊണ്ട് നഷ്ടമാകാത്ത എന്ത് അഭിമാനമാണ് മലയാളിക്ക് ഇനി ഉള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നടത്തിയ പ്രസംഗം മലയാളികള്‍ക്ക് അപമാനം ഉണ്ടാക്കി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മലയാളിയുടെ അഭിമാനത്തെപ്പറ്റി ഓര്മ്മയുണ്ടാകുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഭരണാധികാരികള്‍ തന്നെയാണ് കേരളത്തിന്റെ ശാപം.
കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലെ ആദിവാസി കോളനിയില്‍ മാലിന്യത്തില്‍ നിന്ന് വിശപ്പടക്കേണ്ടിവന്ന ബാല്യങ്ങളെപ്പറ്റി മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത മനസാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിച്ച സംഭവമാണ്. ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകളില്‍ മാത്രം ഒതുങ്ങുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള അറിവെന്നത് സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. എന്നാല്‍ ആ കോളനി നേരിട്ട് സന്ദര്‍ശിച്ച ഏക രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ അവിടുത്തുകാരുടെ ദുരിതം ഞാന്‍ നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി പറഞ്ഞതില്‍ യാതൊരു അസ്വാഭാവികതയും തോന്നുന്നുമില്ല. ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിച്ചു എന്ന് മേനി നടിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ സംഭവം അപമാനകരമായി തോന്നാത്തത് ഈ നാടിന്റെ ദൗര്‍ഭാഗ്യമാണ്.
രാജ്യത്തെ സാധാരണക്കാരുടെ ജീവിത നിലവാരത്തെപ്പറ്റി ആശങ്കയുള്ള നരേന്ദ്രമോദിയെപ്പോലുള്ള ഒരു ഭരണാധികാരിക്ക് ഇത്തരം ഒരു വാര്‍ത്ത ഉത്കണ്ഠയുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. അതാണ് അദ്ദേഹം പൊതുവേദിയില്‍ പ്രകടിപ്പിച്ചത്. ചെയ്തതല്ല കുറ്റം അത് ചൂണ്ടിക്കാണിച്ചതാണ് തെറ്റ് എന്ന ഉമ്മന്‍ചാണ്ടിയുടെ ന്യായം വിചിത്രമാണെന്ന് മാത്രമേ പറയാനാകൂ. പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നതു വരെ മുഖ്യമന്ത്രി ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞിട്ടില്ല. ഈ സംഭവത്തില്‍ എന്ത് നടപടിയെടുത്തു എന്നാണ് കേരളത്തിന് അറിയാനുള്ളത്.
കേരളത്തില്‍ ഒരു കുട്ടി പോലും മാലിന്യ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിച്ചുള്ളതാണ്. ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവും മൂലം 143 കുട്ടികള്‍ അട്ടപ്പാടി മേഖലയില്‍ മരിച്ചതിനെപ്പറ്റി ഉമ്മന്‍ചാണ്ടി മറന്നു പോയോ? പട്ടിണിമരണം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അതോ ആ വാര്‍ത്തയും മലയാളികളെ അപമാനിക്കാന്‍ നരേന്ദ്രമോദി കെട്ടിച്ചമച്ചതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
തെരഞ്ഞെടുപ്പില്‍ വോട്ട് കുത്തുക എന്നത് ഒഴിച്ചാല്‍ പൊതു ജീവിതത്തിന്റെ എല്ലാമേഖലകളില്‍ നിന്നും ആദിവാസികളെ അകറ്റി നിര്‍ത്തിയതില്‍ മാറിമാറി ഭരിച്ച മുന്നണികളുടെ സര്‍ക്കാരുകള്‍ക്കല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസി എംപിമാരെയും എംഎല്‍എമാരെയും സൃഷ്ടിച്ച പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്കും അതിന്റെ നേതാവായ നരേന്ദ്രമോദിക്കുമാണ് ഇത് ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും അര്‍ഹത. കേരളത്തിന്റെ ഈ ദയനീയ സ്ഥിതി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് മലയാളിയെ അപമാനിക്കാനാണെന്ന് പറഞ്ഞ് മലയാളികളെ ഉമ്മന്‍ചാണ്ടി ഇനിയും അധിക്ഷേപിക്കരുതെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.