തൃപ്പൂണിത്തുറയെ ആവേശക്കടലാക്കി മോദി
കൊച്ചി : മലയാളികൾക്ക് സന്തോഷ വാർത്തയുണ്ടെന്ന് പറഞ്ഞു കൊണ്ട് തുടക്കം .. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി പ്രസംഗത്തിലേക്ക് .ഇടത് വലത് മുന്നണികളെ വിമർശിച്ചു കൊണ്ട് കത്തിക്കയറി . ഒടുവിൽ ഒരു തവണയെങ്കിലും ബിജെപിയെ നിയമസഭയിൽ എത്തിക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് കൊട്ടിക്കലാശം . അക്ഷരാർത്ഥത്തിൽ നരേന്ദ്രമോദി തൃപ്പൂണിത്തുറയെ ആവേശക്കടലാക്കി മാറ്റുകയായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനത്തിലേക്ക് നീങ്ങുമ്പോള്‍ ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിന്നോട്ട് പോകുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിന്നും വിദേശത്ത് ജോലി തേടി അലയേണ്ട ഗതികേടാണ് കേരളത്തിലെ യുവാക്കള്‍ക്കുളളത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തും തുടങ്ങുന്നത് അഴിമതിയിയിലാണ്. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ സൂര്യനെ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, പകരം സോളാര്‍ തട്ടിപ്പിലൂടെ ആ ശ്രമം നടപ്പാക്കി. മോദി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ആദരവും പരിഗണനയും നല്‍കും. കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ കക്ഷിനോക്കി മാറ്റി നിര്‍ത്തി, അവരുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മൂന്നാംശക്തി വരാതിരിക്കാനാണ് ഇടത് – വലത് മുന്നണികളുടെ ഒത്തുകളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ ഒന്നിച്ചവർ കേരളത്തിൽ ഏറ്റുമുട്ടലിന്റെ നാടകം കളിക്കുന്നു.ഇരു മുന്നണികളും കേരളം ഭരിച്ച് മുടിച്ചു. മുന്നണികൾ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സിപിഎം വികസനത്തെ പിന്നോട്ടടിച്ചു. കോൺഗ്രസ് അഴിമതിയുടെ പര്യായമായി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിക്കുന്നിടത്ത് ഹർത്താലും ഫാക്ടറി പൂട്ടലും മാത്രമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.