ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ സ്വേച്ഛാധിപതിയും, പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ സ്പെഷ്യൽ ട്രൈബ്യൂണൽ കോടതി.
രാജ്യത്തെ എല്ലാ പത്രമാദ്ധ്യമങ്ങളിലും, ദൃശ്യമാദ്ധ്യമങ്ങളിലും ഇക്കാര്യം പരസ്യം ചെയ്യുന്നതിനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. രാജ്യത്തെ നിയമങ്ങളെ ഭയന്ന് ഒളിച്ചോടിയവനാണ് മുഷറഫെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
കോടതിയിലെ മൂന്നംഗ ജഡ്ജിമാരിലൊരാളായ മസർ അലം ഖാനാണ് വിധിപ്രസ്താവം നടത്തിയത്. മുഷറഫിന്റെ എല്ലാ സ്വത്തുവിവരങ്ങളും കോടതിയിൽ സമർപ്പിക്കാനും, 30 ദിവസത്തിനുളളിൽ മുഷറഫിനെ കോടതിയിൽ ഹാജരാക്കാനും ഉത്തരവു പുറപ്പെടുവിച്ചു.
72 വയസ്സുള്ള മുഷറഫ് പട്ടാള അട്ടിമറിയിലൂടെയായിരുന്നു പാകിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. ബേനസീർ ഭൂട്ടോ വധം, ജഡ്ജിമാരെ തടവിലാക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങളിൽ വിചാരണ നേരിടുന്ന മുഷറഫ് രാജ്യം വിട്ടു പോകരുതെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ വിലക്കുകൾ ലംഘിച്ച് ശാരീരികാസ്വാസ്ഥ്യത്തിനു ചികിത്സ ചെയ്യാനെന്ന പേരിൽ മുഷറഫ് ദുബായിലേക്കു പോവുകയായിരുന്നു. ഇക്കാര്യത്തിൽ, കോടതി സർക്കാരിനോടു വിശദീകരണം ചോദിച്ചിരുന്നു.
2013ൽ പാകിസ്ഥാനിൽ തിരികെയെത്തിയ മുഷറഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.