തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ വികസന വിഷയങ്ങളില്‍ നിന്നു ചര്‍ച്ച വഴിതിരിച്ചുവിടാന്‍ പച്ചക്കള്ളം പറയുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്ത് കുമാര്‍. തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി തന്റെ ഭരണപരാജയവും അഴിമതിയും മറച്ചുവയ്ക്കാന്‍ കുപ്രചാരണം നടത്തുകയാണ്. ഉമ്മന്‍ചാണ്ടി പറയുന്ന പച്ചക്കള്ളങ്ങള്‍ക്ക് മറുപടി നല്കുകയല്ല പ്രധാനമന്ത്രിയുടെ ജോലി. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിയോട് ഒന്നേ പറയാനുള്ളൂ വിഷയം മാറ്റരുത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിരവധി അഴിമതികളാണ് നടന്നത്. സോളാര്‍, ബാര്‍കോഴ എന്നീ അഴിമതികള്‍ മാത്രമല്ല, ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയും കൊലപാതകങ്ങളുംവരെ നടക്കുന്നു. യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് കൈകൊടുത്തുകൊണ്ട് ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ് ചാണ്ടി.
ബംഗാളില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നുവെങ്കില്‍ ഇവിടെ രഹസ്യ ബന്ധമാണ്. അത് വ്യക്തമാകണമെങ്കില്‍ പുതുപ്പളളിയിലെയും ഹരിപ്പാട്ടെയും പാലയിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നോക്കിയാല്‍ മതി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിണറായിയുടെ സഹായത്തോടെ തീരുമാനിച്ചത്.
കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ വഴി തിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. രാജ്യത്ത് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് നയം രൂപീകരിച്ചത് ബിജെപിയാണ്. രാജ്യത്തെ മെട്രോയുടെ ക്രെഡിറ്റ് ഇ.ശ്രീധരനാണ് നല്‍കേണ്ടത്. കൊച്ചിയില്‍ സിഗ്നലുമില്ല, സ്റ്റേഷനുമില്ല, ട്രെയിനുമില്ല. ഉദ്യോഗസ്ഥരോട് എന്ന് ഉദ്ഘാടനം നടക്കുമെന്നു ചോദിച്ചപ്പോള്‍ ഉദ്ഘാടനം നടന്നുകഴിഞ്ഞുവത്രേ എന്നാണ് പറഞ്ഞത്. ചുമ്മാ ഉദ്ഘാടനം നടത്തികൊള്ളാന്‍ മുഖ്യമന്ത്രി പറഞ്ഞു.
പൊതുജന പങ്കാളിത്തത്തോടെയാണ് നെടുമ്പാശേരി വിമാനത്താവളവും തിരുവനന്തപുരം വിമാനത്താവള വികസനവുമുണ്ടായത്. കണ്ണൂരില്‍ എയര്‍ ട്രാഫിക് കണ്ട്രോള് സിസ്റ്റം പോലുമില്ലാതെയാണ് എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. മൂന്നുവര്‍ഷം കഴിഞ്ഞാല്‍പോലും പണിതീരാത്ത നെടുമ്പാശേരി അന്താരാഷ്ട്ര ടെര്‍മിനല്‍ കെട്ടിടവും ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണ് സര്‍ക്കാര്‍.
സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ 45 ലക്ഷം പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐടി രംഗത്തും ശാസ്ത്രസാങ്കേതികരംഗത്തും ആരോഗ്യ പരിപാലനരംഗത്തും ലോകമെമ്പാടും പ്രശസ്തരാണ് മലയാളികള്‍. എന്നിട്ടും കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. യുവജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.1 ശതമാനമാണ്. നദികളും മനോഹരമായ തീരപ്രദേശവും ഫലഭൂയിഷ്ഠ മണ്ണുമുള്ള നാടിനാണ് ഈ ഗതികേട്. 74 ശതമാനം മരുഭൂമിയുള്ള രാജസ്ഥാന്റെ കാര്‍ഷിക വളര്‍ച്ചാ എത്രയോ മുന്നിലാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എ.കെ. ആന്റണിയടക്കം എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. 2008 മുതല്‍ 14 വരെയുള്ള കാലഘട്ടത്തിലാണ് ഫാക്ട് ഏറ്റവും കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിയത്. ബിജെപി സര്‍ക്കാരാണ് 1,000 കോടിരൂപയുടെ പാക്കേജ് അനുവദിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയതും ഈ സര്‍ക്കാരാണ്. എട്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ലായെന്ന് ഉമ്മന്‍ചാണ്ടി മറുപടി പറയണം.
സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.