ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളത്തിലെ ശിശുമരണനിരക്ക് സൊമാലിയയെക്കാൾ കൂടുതലാണെന്ന് പറഞ്ഞത് പച്ചപ്പരമാർത്ഥമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എസ്.എൻ.ഡി.പി യുടെ ചെങ്ങന്നൂർ യൂണിയൻ, കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസിമേഖലയിൽ സന്ദർശനം നടത്തിയ സമയം തനിക്കു നേരിട്ടു ബോദ്ധ്യപ്പെട്ടതാണിക്കാര്യം. ആദിവാസി നേതാവായ സി.കെ. ജാനുവും തന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. ജനാധിപത്യം വന്ന് ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും അതിന്റെ യാതൊരു പ്രയോജനവും വനവാസികൾക്കു ലഭിച്ചിട്ടില്ല. നരേന്ദ്രമോദി പറഞ്ഞ സത്യത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി. ഇത് ന്യൂനപക്ഷപ്രീണനം നടത്തി രാഷ്‌ട്രീയലാഭം കൊയ്യാനുളള കുതന്ത്രമാണ്.
ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കാനല്ല, ഭൂരിപക്ഷസമുദായത്തിന്റെ സാമ്പത്തികവും, സാമൂഹികവും, രാഷ്‌ട്രീയവുമായ നീതിയാണ് നായാടി മുതൽ നമ്പൂതിരി വരെയുളളവരുടെ ഏകോപനത്തിലൂടെയും, ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിലൂടെയും ലക്ഷ്യം വയ്‌ക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു. തുല്യനീതിയും, വികസനവും സാദ്ധ്യമാകുന്നതിന് എല്ലാ എൻ.ഡി.എ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദൻ, സത്യധർമ്മങ്ങളുടെ മുഖം മൂടിയണിഞ്ഞു നടക്കുന്നയാളാണെന്നും വെളളാപ്പളളി പറഞ്ഞു. സ്വന്തം മകന്റെ പേരിൽ എത്ര കേസുകളുണ്ടെന്ന് വി.എസ്. വ്യക്തമാക്കണം. മെട്രോയും മൈക്രോയും തമ്മിലുളള വ്യത്യാസമെന്തെന്നു പോലും അച്ചുതാനന്ദന് അറിയില്ല. ഫൂലൻ ദേവിയെ ജയിപ്പിച്ച നാട്ടിൽ വി.എസ്. അച്ചുതാനന്ദൻ ജയിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും വെളളാപ്പളളി കൂട്ടിച്ചേർത്തു.