കോഴിക്കോട്: ബി.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാൻ, രാജ് ഗോപാൽ മീണ വെടിയേറ്റു മരിക്കുകയായിരുന്നു.
വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക.
ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ രാജ് ഗോപാൽ മീണ വടകര, കോട്ടയ്ക്കൽ ഇസ്ലാമിക് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഹെഡ് കോൺസ്റ്റബിൾ ഉമേഷ് പാൽ സിംഗിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു.
അവധി നിഷേധിച്ചതിൽ പ്രകോപിതനായ ഉമേഷ് പാൽ സിംഗ് ആറു റൗണ്ടോളം വെടി വച്ചതായാണ് വിവരം. വടകരയിലെ സഹകരണ ആശുപത്രിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മീണയുടെ മൃതദേഹം ഇപ്പോൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റും.