സൊമാലിയൻ പരാമർശത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അടിസ്ഥാന ജനവിഭാഗത്തോടുളള പുശ്ചമടങ്ങിയ പോസ്‍റ്‍റുകൾ ഇടതുപക്ഷത്തിന്‍റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്ന് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്‍റ്‍റിൽ കുറ്റപ്പെടുത്തി.
കടുത്ത ദാരിദ്ര്യത്തിൽ മെലിഞ്ഞുണങ്ങിയ വ്യക്തിയുടെ ഉടലിനോട് ചേർത്ത് കുമ്മനം രാജശേഖരന്‍റെ തലവെട്ടിവെച്ച പോസ്‍റ്റുകളാണ് ഫേസ്‍ബുക്കിലൂടെ പ്രചരിച്ചത്. കമ്മ്യൂണിസ്‍റ്‍റ് പാർട്ടിയുടെ തലമുതിർന്ന ചിന്തകർ അടക്കം സോഷ്യൽ മീഡിയയിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
തന്നെ പരിഹസിക്കാൻ സഹജീവിയോടുളള പരിഗണനപോലുമില്ലാതെ ദാരിദ്ര്യത്തിൽ മെലിഞ്ഞുണങ്ങിയ മനുഷ്യന്‍റെ ശരീരം ഏറ്റവും നികൃഷ്ടരായവൻ എന്ന സൂചനയോടെ ദുരുപയോഗം ചെയ്തതതിനെ കുമ്മനം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളോടുളള പുശ്ചമാണ് ഇത്. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമർത്തപ്പെട്ട, പാർശവത്കൃത ജനതയുടെ ശബ്‍ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്‍റെ മൂല്യങ്ങളിലെ ഇരട്ടത്താപ്പാണിത് വ്യക്തമാക്കുന്നത്.
ദരിദ്രർ നികൃഷ്ടരായി കാണപ്പെടേണ്ടവരാണെന്ന മനോഭാവം എങ്ങനെ കമ്മ്യൂണിസ്‍റ്‍റുകാർക്ക് ഭൂഷണമാകുമെന്ന് കുമ്മനം ചോദിക്കുന്നു. ഗിരിവർഗ്ഗ ഊരുകളും അടിസ്ഥാന ജനത അധിവസിക്കുന്ന കോളനികളും തനിക്ക് അപമാനചിഹിനങ്ങളല്ല. സ്വന്തം സഹോദരങ്ങളിൽ ഒരാളായി തന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം രണ്ടാം കേരള മോഡൽ വികസന മുദ്രാവാക്യം ഇവിടെ ചർച്ചാകട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് കുമ്മനം പോസ്‍റ്‍റ് അവസാനിപ്പിക്കുന്നത്.