ന്യൂഡൽഹി : ജവഹർലാൽ നെഹ്രു ആവിഷ്കരിച്ച പഞ്ചവത്സര പദ്ധതി മോദിയുടെ പഞ്ചദശവത്സര പദ്ധതിക്ക് വഴിമാറുന്നു. ദേശീയ വികസന അജണ്ട എന്ന പേരിലുള്ള പദ്ധതിക്കുള്ളിൽ ആഭ്യന്തര സുരക്ഷയും പ്രതിരോധവും ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിക്കുന്ന 2017 ൽ പഞ്ചദശവത്സര പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ബ്ളൂ പ്രിന്റിന് പ്രധാനമന്ത്രി അംഗീകാരം നൽകിക്കഴിഞ്ഞു.കൃത്യമായ ഇടവേളകളിൽ വിശകലനവും നിരീക്ഷണവും പദ്ധതിയുടെ പ്രത്യേകതകളാണ്.
ദീർഘദർശിയായ പദ്ധതികളുടേയും നയങ്ങളുടേയും അഭാവം പഞ്ചവത്സര പദ്ധതികൾക്കുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആസൂത്രണ കമ്മീഷനെ നിതി ആയോഗാക്കി മാറ്റി ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യം . ഇതിന് അനുബന്ധമായാണ് ഇപ്പോൾ പഞ്ചദശവത്സര പദ്ധതി ആരംഭിക്കാനുള്ള തീരുമാനം.
നെഹ്രൂവിയൻ പദ്ധതികളുടെ പൂർണമായ മാറ്റമാണ് ഈ പദ്ധതിയിലൂടെ കൈവരിക്കപ്പെടുന്നത്. അടുത്ത പതിനഞ്ച് വർഷത്തേക്കുള്ള വികസന അജണ്ടകൾ തീരുമാനിക്കാൻ നിതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴുവർഷത്തേക്കുള്ള കർമ്മപദ്ധതിയാണ് തുടക്കത്തിൽ. തുടർന്ന് മൂന്ന് വർഷത്തെ നിരീക്ഷണ -വിശകലനങ്ങൾ ഉണ്ടാകും
2019 ഓടെ സ്വച്ഛഭാരത പദ്ധതി പൂർണമായി നടപ്പിൽ വരുത്താനും 2022 ഓടെ എല്ലാവർക്കും വീട് സാദ്ധ്യമാക്കാനും ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ അതിനാവശ്യമായ നയ രൂപീകരണമാണ് പഞ്ചദശവത്സര പദ്ധതിയിലൂടെ നടപ്പിൽ വരുത്തുന്നത് .
1951 ൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് സോവിയറ്റ് മാതൃകയിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും ഒട്ടേറെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട് . പഞ്ചവത്സര പദ്ധതികൾക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് പ്രധാന വിമർശനം. രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ നിരക്കാണ് മറ്റൊരു പ്രശ്നമായി വിമർശകർ ഉയർത്തിക്കാട്ടുന്നത് .