ബത്തേരി : സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനുവിന് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ. ജാനു നടത്തിയ സമരങ്ങളുടെ തുടർച്ച സഭയ്‍ക്കകത്തും എത്തേണ്ടതുണ്ടെന്ന് സിവിക് ചന്ദ്രൻ പറഞ്ഞു.ജാനുവിനെ പോലെയുള്ളവർ സഭയിലെത്തേണ്ട പ്രധാന്യം തിരിച്ചറിയണമെന്ന് കൽപ്പറ്‍റ നാരായണനും അഭിപ്രായപ്പെട്ടു. വയനാട് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച പരിപാടിയിലാണ് ജാനുവിനെ പിന്തുണച്ച് സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയത്.
സി.കെ.ജാനു എൻഡിഎ സ്ഥാനാർത്ഥി ആയതിനെ വിമർശിച്ച സിപിഎം നേതാക്കളെ പ്രതിരോധത്തിലാക്കിയാണ് ഇടത് സഹയാത്രികർ ജാനുവിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. വനവാസികൾക്കായി ജാനു നടത്തിയ പോരാട്ടങ്ങൾ നിയമസഭയ്‌ക്കകത്തും എത്തണമെന്ന് സിവിക്ക് ചന്ദ്രൻ അഭിപ്രായപ്പെട്ടു. സി.കെ.ജാനു ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ കെ ആർ ഗൗരിയമ്മയ്‌ക്ക് ശേഷം അധസ്ഥിത വിഭാഗങ്ങളുടെ പ്രതിനിധിയായ ഏറ്റവും ശക്തയായ സ്ത്രീയാണ് സി കെ ജാനുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
സമൂഹത്തിലെ ഏറ്‍റവും പിന്നിൽ നിൽക്കുന്ന ജനസമൂഹത്തിന്‍റെ പ്രതിനിധിയാണ് ജാനു. അതു കൊണ്ട് തന്നെ വനവാസികളുടെ പ്രതിനിധിയായി അവർ സഭയിൽ എത്തണമെന്ന് കൽപ്പറ്‍റ നാരായണൻ അഭിപ്രായപ്പെട്ടു. ജാനു സഭയിൽ എത്തിയാൽ മാത്രമേ വനവാസികളുടെ പ്രശ്നങ്ങൾ സഭയിൽ എത്തുകയുള്ളു എന്നും കൽപ്പറ്‍റ നാരായണൻ പറഞ്ഞു.
വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജാനുവിന് ലഭിക്കുന്ന പിന്തുണ ഇരുമുന്നണികളെയും ആശങ്കപ്പെടുത്തുകയാണ്.
സിവിക് ചന്ദ്രൻ
https://www.youtube.com/watch?v=hfhZFrv0Eu0
കൽപ്പറ്റ നാരായണൻ
https://www.youtube.com/watch?v=NGmSAUcl5hs