മാനന്തവാടി: വയനാട്ടിൽ രണ്ട് വനവാസി നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാനസർക്കാരിനു വീഴ്‌ച്ച പറ്റിയെന്ന് കേന്ദ്ര പട്ടികജാതി ക്ഷേമ മന്ത്രി ജ്യുവൽ ഓറം വിലയിരുത്തി.
കൊടും ദാരിദ്ര്യവും, പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. വയനാട്ടിലെ ശിശുമരണത്തെക്കുറിച്ചു പഠനം നടത്താൻ ആവശ്യമെങ്കിൽ പ്രത്യേക കേന്ദ്രസംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനവാസികൾക്കായി സംസ്ഥാനസർക്കാർ നടപ്പാക്കേണ്ട പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാളാട് എടത്തിൽ പണിയ കോളനിയിലെ ബാലൻ സുമതി ദമ്പതികളുടെ മക്കളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്. ഒരു കുട്ടി ഗർഭാവസ്ഥയിലും, മറ്റൊരാൾ ജനിച്ച് മണിക്കൂറുകൾക്കകവുമാണ് മരിച്ചത്.
ഏപ്രിൽ ഇരുപത്തിയഞ്ചിന് വാർഡ് മെമ്പർ ബിന്ദു വിജയകുമാറാണ് സുമതിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.
ചികിത്സാസഹായത്തിനായി ഗിരിജനക്ഷേമവകുപ്പിനെ സമീപിച്ചെങ്കിലും പണമില്ലെന്നു പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന അഞ്ച് ട്രൈബൽ പ്രമോട്ടർമാരും സഹായിച്ചില്ലെന്ന് ബിന്ദു വിജയകുമാർ പറഞ്ഞു.
കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന ബാലന് തൊഴിലില്ലാതെയായതോടെ കൊടും ദാരിദ്ര്യമനുഭവിക്കുകയായിരുന്നു കുടുംബം.