അരുവാക്കുറിച്ചി: തമിഴ്‌നാട്ടിലെ അരുവാക്കുറിച്ചിയിൽ മത്സരരംഗത്തുളള പാർട്ടികൾ വ്യാപകമായി പണവും, മദ്യവും, സമ്മാനങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനേത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
ഇവിടുത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും അഞ്ച് കോടി രൂപ പൊലീസ് കണ്ടെടുത്തു. ഡി.എം.കെ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഒരു കോടി രൂപയും അധികൃതർ പിടി കൂടി.
ഇതു കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന സാരികൾ, മുണ്ടുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കാൻ തീരുമാനമായത്.
വിഷയത്തിൽ രണ്ടു പാർട്ടികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. നാളെ വൈകുന്നേരത്തിനുളളിൽ വിശദീകരണം നൽകാത്ത പക്ഷം പാർട്ടികൾക്കെതിരേ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ഇരുപത്തിമൂന്നാം തീയതി ഇവിടുത്തെ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 25 ന് നടത്തും.