കോഴിക്കോട്: തുരന്തോ എക്സ്പ്രസില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം നല്‍കിയതിന് പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. കോഴിക്കോട് എത്തിയ ലോക്മാന്യത്തിലക് എറണാകുളം തുരന്തോ എക്സ്പ്രസില്‍ ശുചിമുറിയിലെ വെളളം ചേര്‍ത്ത സൂപ്പാണ് നല്‍കിയയതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
കഴിഞ്ഞദിവസം വൈകിട്ട് ലോക്മാന്യതിലകില്‍ നിന്നും പുറപ്പെട്ട തുരന്തോ എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് രാവിലെ ശുചിമുറിയില്‍ നിന്നും എടുത്ത ജലം ചേര്‍ത്ത തക്കാളി സൂപ്പ് നല്‍കിയതായി ആരോപിക്കുന്നത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങി പ്രതിക്ഷേധിച്ചു. ടിടിആറിനോട് പരാതിപ്പെട്ടെങ്കിലും പരാതി ബുക്കില്‍ രേഖപ്പെടുത്താനായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ തൊട്ടടുത്ത സ്റ്റേഷല്‍ ഇറങ്ങി പ്രതിഷേധിച്ചത്.
ഭക്ഷണത്തിന് ഉള്‍പ്പെടെയുളള തുകയാണ് ടിക്കറ്റിനൊപ്പം ഈടാക്കുന്നത്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ റെയില്‍വെ സംരക്ഷണ സേന പാന്‍ട്രി ജീവനക്കാരനെ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതിനല്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പ്രതിഷേധം നീണ്ടതോടെ വൈകിയാണ് ട്രെയിന്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്.