കൊല്ലം: സംസ്ഥാന ശരാശരിയോട് ചേര്‍ന്ന് നില്ക്കുന്ന പോളിംഗ് ശതമാനവുമായി കൊല്ലം ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു മുന്നണികള്‍ക്കൊപ്പം ബിജെപിയും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലയാണ് കൊല്ലം. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലാണ് ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതപ്പെടുന്നത്.
പൊതുവെ ഇടത് കോട്ടയെന്നറിയപ്പെട്ടിരുന്ന കൊല്ലത്ത് പ്രമുഖ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി യുഡിഎഫും എന്‍ഡിഎയും രംഗത്തെത്തിയതോടെ മത്സരചിത്രം പ്രവചനാതീതമാണ് ജില്ലയില്‍. ഉച്ചവരെ സംസ്ഥാന ശരാശരിയോട് ചേര്‍ന്ന് നില്ക്കുന്ന പോളിംഗ് കൊല്ലത്ത് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇരു മുന്നണികള്‍ക്കും ബിജെപിക്കും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 6 മണ്ഡലങ്ങളിലാണ് ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്നത്.
താര പോരാട്ടം നടക്കുന്ന പത്തനാപുരം, ആര്‍എസ്പി പോര് മുറുകിയ കുന്നത്തൂര്‍, പേയ്മെന്റ് സീറ്റെന്ന് അപഖ്യാതി നേടിയ ചവറ, എ.എ.അസ്സീസ് ഇറങ്ങുന്ന ഇരവിപുരം, മുകേഷ് രംഗത്തുള്ള കൊല്ലം എന്നിവയ്ക്ക് പുറമേ ബിജെപി താമര വിരിയുമെന്നുറപ്പിച്ച ചാത്തന്നൂരുമാണത്. അഷ്ടമുടി ഗവണ്മെന്റ് എച്ച്എസ്എസ്സില്‍ പോളിംഗ് യന്ത്രത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ജില്ലയില്‍ ഉച്ചവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥാനാര്‍ത്ഥികളും പ്രമുഖ നേതാക്കളുമെല്ലാം രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിച്ചിരുന്നു.