ന്യൂഡൽഹി: 2016 ഫെബ്രുവരി 9ന് ജെ.എൻ.യുവിൽ ഇടതു വിദ്യാർത്ഥിസംഘടനകൾ സംഘടിപ്പിച്ച അഫ്സൽ ഗുരു അനുസ്മരണപരിപാടിയിൽ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. ലാബിൽ നടത്തിയ സംഭവത്തിന്റെ വീഡിയോ ടേപ്പുകളുടെ ശാസ്ത്രീയപരിശോധനയിലാണ് ഈ സ്ഥിരീകരണം ലഭ്യമായത്.
ഭാരതത്തിന്റെ അഭിമാനകരമായ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നടന്ന ഈ അനിഷ്ടസംഭവങ്ങൾ ദേശീയശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവർ അറസ്റ്റിലാവുകയും തുടർന്ന് ഹൈക്കോടതി ഇവരെ ജാമ്യത്തിൽ വിടുകയുമായിരുന്നു.
ഇവർ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചിരുന്നില്ലെന്നും, വീഡിയോ ടേപ്പുകൾ വ്യാജമാണെന്നും ഉയർന്ന ന്യായവാദങ്ങൾക്ക് തിരിച്ചടിയാവുകയാണ് പുതുതായി പുറത്തു വന്നിരിക്കുന്ന ഫോറൻസിക് പരിശോധനാറിപ്പോർട്ട്.
സംഭവത്തിൽ ജെ.എൻ.യു ഭരണസമിതി, കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് 20,000 രൂപ വരെ പിഴയിടുകയും അനിർബൻ ഭട്ടാചാര്യയെ അഞ്ചു വർഷത്തേയ്‌ക്ക് കാമ്പസിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.