കൊച്ചി: ജിഷ കൊലക്കേസ് അന്വേഷണം നടത്തുന്നതിൽ പൊലീസിന്റെ ഭാഗത്ത് വൻ വീഴ്‌ച്ച പറ്റിയെന്ന് പൊലീസിന്റെ പരാതി പരിഹാര സെൽ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
പോസ്റ്റ്‌മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാതിരുന്നതും, മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ചതും ഗുരുതരമായ വീഴ്‌ച്ചയാണ്. കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്യാതിരുന്നതു മൂലം പ്രാഥമിക തെളിവുകൾ പലതും നഷ്ടമായി. കുറ്റകൃത്യം നടന്ന് അഞ്ചാം ദിവസമാണ് സ്ഥലം പൊലീസ് സീൽ ചെയ്യുന്നത്. മൃതദേഹം ദഹിപ്പിച്ചതു കാരണം ലഭിക്കേണ്ടിയിരുന്ന പല ശാസ്ത്രീയ തെളിവുകളും നഷ്ടമായ സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്രയും ഗൗരവമുളള ഒരു കേസിൽ പാലിക്കേണ്ട യാതൊരു ചട്ടങ്ങളും പൊലീസിന്റെ ഭാഗത്തു നിന്ന് പാലിച്ചിട്ടില്ലെന്നത് ആദ്യസമയം മുതൽക്കേയുളള പരാതിയായിരുന്നു. സർക്കാരും ഈ വിഷയത്തിൽ ഗൗരവമായ സമീപനമല്ല കൈക്കൊണ്ടതെന്ന് നേരത്തേ സ്ഥലം സന്ദർശിച്ച കേന്ദ്രസമിതിയും വിലയിരുത്തിയിരുന്നു.
പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണം സംബന്ധിച്ച കേസിൽ സിറ്റിംഗ് നടത്തുകയായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പ്.
അതേസമയം ജിഷയുടെ കൊലപാതകിയെ പിടികൂടാൻ വൈകുന്നതു സംബന്ധിച്ച് ജനകീയ പ്രതിഷേധം വ്യാപകമാകുകയാണ്.