ചെങ്ങന്നൂർ: സോമാലിയ പരാമർശത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ബിജെപി നേതൃത്വത്തേയും അസഭ്യം പറയുന്ന വിഡിയോയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം. ചെങ്ങന്നൂർ സ്വദേശി സോണി വിൻസെന്‍റ് എന്നയാളാണ് തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെ വീഡിയോ പുറത്ത് വിട്ട് വിവാദം സൃഷ്ടിച്ചത്. സോണിയുടെ പരാമർശത്തിനെതിരെ ബിജെപി പരാതി നല്കി.
രണ്ട് ദിവസം മുന്പാണ് ചെങ്ങന്നൂർ ചെറിയനാട് സ്വദേശി സോണി വിന്‍സെന്‍റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ബിജെപി നേതൃത്വത്തേയും അസഭ്യം പറയുന്ന വീഡിയോ തന്‍റെ ഫെയ്സ് ബുക്ക് പേജിൽ പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ സോമാലിയ പരാമർശത്തെ വിമർശിച്ചായിരുന്നു ഇയാളുടെ പ്രതികരണം. വളരെ മോശമായ രീതിയിലാണ് വീഡിയോയിൽ, പ്രധാനമന്ത്രിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ സോണി സംസാരിക്കുന്നത്.
പ്രധാനമന്ത്രിയെ വീഡിയോയിൽ താൻ എന്നുമാത്രമാണ് സോണി അഭിസംബോധന ചെയ്യുന്നതും. ഇടത് യുവജന സംഘടനയുടെ മുൻ അംഗമായിരുന്ന സോണി വിൻസെന്‍റ് ഇപ്പോൾ മലേഷ്യയിലെ ക്വാലാലംപൂരിലാണ്. ഇവിടെ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സോണിയുടെ അപകീർത്തികരമായ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിലും, പുറത്തും ഉയരുന്നത്.
സോണി വിൻസെന്‍റിനെതിരെ രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകർ പരാതി നല്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ ക്ഷമാപണം നടത്തി, രക്ഷപ്പെടാനാണ് സോണി വിൻസെന്‍റിന്‍റെ ശ്രമം. സംഭവം വിവാദമായതോടെ ഫെയ്സ് ബുക്കിൽ നിന്നും ഇയാൾ വീഡിയോയും പിൻവലിച്ചു.