തെരഞ്ഞെടുപ്പിൽ നാല് മന്ത്രിമാരും സ്‍പീക്കറും തോറ്റു. സ്പീക്കർ എൻ ശക്തൻ കാട്ടാക്കടയിലും ഡെപ്യൂട്ടി സ്‍പീക്കർ പാലോട് രവി നെടുമങ്ങാടും പരാജയമടഞ്ഞു.
എൽഡിഎഫിലെ പ്രമുഖർ തിളക്കമാർന്ന വിജയം നേടിയപ്പോൾ യുഡിഎഫിൽ പല പ്രമുഖരും കഷ്ടിച്ചാണ് ജയിച്ചത്.
തിരുവനന്തപുരത്ത് നേട്ടം കൊയ്യുന്ന മുന്നണി, ഭരണം നേടുമെന്ന ചരിത്രം ആവർത്തിച്ച തെരഞ്ഞെടുപ്പിൽ, നെടുമങ്ങാട് സിപിഐയുടെ സി ദിവാകരൻ ഇടതിനായി പാലോട് രവിയിൽ നിന്ന് സീറ്‍റ് തിരികെ പിടിച്ചു. വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനിൽ നിന്ന് ശക്തമായ വെല്ലുവിളിനേരിട്ട ശേഷമാണ് കെ മുരളീധരൻ ജയിച്ച് കയറിയത്. കൊല്ലത്ത് ഇടത് സ്വതന്ത്രനായി മത്സരിച്ച നടൻ മുകേഷും പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറും, ചടയമംഗലത്ത് മുല്ലക്കര രത്നാകരനും വിജയം നുണഞ്ഞു.
ശക്തമായ മത്സരം നടന്ന ആറന്മുളയിൽ മാധ്യമപ്രവർത്തക വീണാ ജോർജും റാന്നി, തിരുവല്ല മണ്ഡലങ്ങളിൽ രാജു എബ്രഹാമും മാത്യു ടി. തോമസും വിജയിച്ചു. ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തലയും ജി.സുധാകരനും തോമസ് ഐസക്കും തങ്ങളുടെ മണ്ഡലം നിലനിനിർത്തി.
പൂഞ്ഞാറിൽ പി സി ജോർജിന്‍റെ ജയം ഇരുമുന്നണികളെയും ഞെട്ടിച്ചു. പാലായിൽ കെ.എം. മാണി വിയർത്ത് നേടിയപ്പോൾ പുതുപ്പളളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാക്യഷ്ണനും വിജയക്കൊടി പാറിച്ചു. മലയോര ജില്ലയായ ഇടുക്കിയിൽ എൽ.ഡി.എഫും, യുഡിഎഫും സീറ്റ് നിലനിർത്തി. എന്നാൽ പീരുമേട് ഇ.എസ് ബിജുമോൾ 391 വോട്ടിനാണ് കടന്നു കൂടിയത്. തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ എം.സ്വരാജ് അട്ടിമറിച്ചപ്പോൾ ത്യക്കാക്കര പി.ടി. തോമസ് യുഡിഎഫിനായി സീറ്റ് നിലനിർത്തി. ത്യശൂരിൽ ആഞ്ഞ് വീശിയ ഇടത് കാറ്റിൽ പത്മജാ വേണുഗോപാലും പരാജയം നുണഞ്ഞു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനും തൃത്താലയിൽ വി.ടി.ബൽറാമും മണ്ഡലം നിലനിർത്തി.
മലപ്പുറത്ത് മന്ത്രി മാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.കെ.അബ്ദു റബ്ബും എ.പി.അനിൽകുമാറും മികച്ച വിജയം നേടി. വയനാട്ടിലെ കൽപ്പറ്റ സി.കെ.ശശീന്ദ്രനിലൂടെ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. കണ്ണൂരിൽ നിന്ന് പിണറായി വിജയൻ, കെ.സി.ജോസഫ്, കെ.എം.ഷാജി, കടകംപളളി രാമചന്ദ്രൻ എന്നിവരാണ് ജയിച്ച പ്രമുഖർ.
മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ 89 വോട്ടിനാണ് പി.ബി.അബ്ദുൾ റസാഖിനോട് തോറ്റത്.