തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വച്ചു. കേരള ഗവർണർ പി.സദാശിവത്തിന്റെ വസതിയിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടി ഇന്നു രാവിലെ രാജി സമർപ്പിച്ചത്. പുതിയ സർക്കാർ രൂപീകൃതമാകുന്നതു വരെ കെയർ ടേക്കർ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം തുടരും.
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയാഞ്ഞതാണ് പരാജയത്തിന്റെ പ്രധാനകാരണമെന്ന് ഉമ്മൻ ചാണ്ടി രാജി സമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോടു പ്രതികരിച്ചു. യു.ഡി.എഫിനെതിരേയുണ്ടായ വർഗ്ഗീയധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളെ അതിജീവിക്കാൻ സാധിക്കാഞ്ഞതും വീഴ്ച്ചയ്ക്കു കാരണമായി.
2011 മെയ് 18 നാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭ നിലവിൽ വരുന്നത്. അഞ്ചു വർഷം പൂർത്തിയാക്കിയ തന്റെ മന്ത്രിസഭയ്ക്കു പിന്തുണ നൽകിയ ജനങ്ങൾക്കും, സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കേവലം രണ്ട് എം.എൽ.എ മാരുടെ മാത്രം ഭൂരിപക്ഷമുളളാ തന്റെ ഗവണ്മെന്റിന് ജനങ്ങൾ നൽകിയ പിന്തുണയേയും അദ്ദേഹം അനുസ്മരിച്ചു.