ഡെറാഡൂൺ: ദളിത് നേതാക്കളോടൊപ്പം ചക്രതയിലെ സിൽഗൂർ ദേവതാക്ഷേത്രത്തിലെത്തിയ ബി.ജെ.പി രാജ്യസഭാംഗം തരുൺ വിജയ് യെ ജനക്കൂട്ടം ആക്രമിച്ചു.
ഡെറാഡൂണിൽ നിന്നും 180 കിലോമീറ്റർ അകലെ ചക്രതയിലാണു സംഭവം. ദളിതർക്ക് പ്രവേശനം നിഷേധിച്ചിട്ടുളള ക്ഷേത്രമാണ് സിൽഗൂർ ദേവതാക്ഷേത്രം.
ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ ഇവരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നുവെന്ന് ചക്രത പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ലളിത് കുമാർ പറഞ്ഞു. ആക്രമണത്തിൽ ഇവർക്കു പരിക്കേറ്റിട്ടുണ്ട്.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തിൽ നിന്നും ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.