ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒട്ടാകെ അക്രമം നടത്തുന്ന സി.പി.എമ്മിന് താക്കീതുമായ് ബി.ജെ.പി ദേശീയ നേതൃത്വം. അധികാര ലബ്ദിയുടെ ഗര്‍വ്വില്‍ കായികമായ് എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിയ്‌ക്കുന്ന സി.പി.എം രാജ്യം ഇപ്പോള്‍ ഭരിയ്‌ക്കുന്നത് ബി.ജെ.പി ആണെന്ന് ഓര്‍ക്കണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കി. സി.പി.എമ്മിന്റെ അസഹിഷ്ണുതയെ ഒരു തരത്തിലും അംഗീകരിയ്‌ക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് അക്രമം അഴിച്ചു വിടുന്ന സി.പി.എമ്മിന് ശക്തമായ താക്കീതാണ് ബി.ജെ.പി ദേശീയ നേതൃത്വം നല്‍കിയത്. അക്രമം നടത്തി കേരളത്തില്‍ നിലയുറപ്പിയ്‌ക്കാനാണ് സി.പി.എം ശ്രമമെങ്കില്‍ അത് അംഗീകരിയ്‌ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. രാജ്യം ഭരിയ്‌ക്കുന്നത് ഇപ്പോള്‍ ബി.ജെ.പി ആണെന്ന കാര്യം മറക്കരുത് എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമങ്ങള്‍ എല്ലാ മര്യാദയും ലംഘിച്ചാണ് കേരളത്തില്‍ അരങ്ങേറുന്നത്. ബി.ജെ.പി ആര്‍.എസ്.എസ് പ്രപര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ഇല്ലായ്മ ചെയ്യാനാണ് ശ്രമം. ഈ വിഷയത്തില്‍ ദേശവ്യാപക പ്രതിഷേധം ബി.ജെ.പി ഉയര്‍ത്തുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
രാവിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാനത്തെ സാഹചര്യം പാര്‍ട്ടി വിലയിരുത്തി. ബി.ജെ.പി ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങളെ യോഗം ശക്തമായ് അപലപിച്ചു.