തിരുവനന്തപുരം: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിയുക്ത എംഎല്‍എ ഒ രാജഗോപാല്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, സി ശിവന്‍കുട്ടി, അഡ്വ. എസ് സുരേഷ് എന്നിവരാണ് ഗവര്‍ണ്ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
ഇടതു മുന്നണി ഭരണത്തില്‍ വരുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം വര്‍ദ്ധിച്ചതായി നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം നേതൃത്വം കൊലപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ അക്രമം ഉണ്ടായി. ക്രമസമാധാനം ഉറപ്പാക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഗവര്‍ണ്ണര്‍ സംഘത്തിന് ഉറപ്പ് നല്‍കി. നേരത്തെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വീണ്ടും ആവശ്യപ്പെടുമെന്ന് പി സദാശിവം അറിയിച്ചു.