കണ്ണൂര്‍: നിയുക്ത മുഖ്യമന്ത്രിയുടെ സ്വദേശത്ത് സി.പി.എം ഭീകരവാഴ്ച. പിണറായി വിജയന് വിജയിച്ച ധര്‍മ്മടം മണ്ഡലത്തിലെ പിണറായി പ്രദേശത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ സി.പി.എം സംഘങ്ങള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ നിരവധി കുടുംബങ്ങളെ നിരാലംബരാക്കി. പിണറായി വിജയന്റൈ വീടിന് തൊട്ടടുത്തുള്ള പതിനഞ്ച് വീടുകളും വീട്ടുപകരണങ്ങളും നിരവധി വാഹനങ്ങളുമാണ് അടിച്ചു തകര്‍ത്തത്. ആക്രമിക്കപ്പെട്ടവരില്‍ പിണറായി വിജയന്റെ ബന്ധുക്കളും പെടുന്നു.
അക്ഷരാര്‍ത്ഥത്തിലുള്ള കിരാതവാഴ്ചയാണ് പിണറായി ഗ്രാമത്തില്‍ വിജയാഹ്ലാദത്തിന്റെ തുടര്‍ച്ചയായി സി.പി.എമ്മുകാര്‍ അഴിച്ചുവിട്ടത്. ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ തല്ലിത്തകര്‍ത്ത സി.പി.എം സംഘങ്ങള്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ചും തീയിട്ടും ബൈക്കുകളും പാത്രങ്ങളും വിളക്കും കിണ്ടിയുമെല്ലാം കിണറ്റിലിട്ടും കലിതീര്‍ക്കുകയായിരുന്നു. തകര്‍ക്കപ്പെട്ട വീടുകള്‍ ആര്.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു. കമ്യൂണിസ്റ്റ് കുടുംബാംഗമായ പി.സി കമലയുടെ വീടാക്രമിച്ചത് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ നേരത്തെ ഒരു കേസ് നല്‍കിയതിന്റെ പ്രതികാരമായിട്ടാണ്.
വീടുകള്‍ ബോംബെറിഞ്ഞും ആയുധങ്ങളുപയോഗിച്ചും തകര്‍ക്കുകമാത്രമല്ല, വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും കിണറ്റിലിടുകയും ചെയ്തു.
പിണറായി വിജയന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബി.ജെ.പി അനുഭാവിയായ വിനോദ് മാറോളിയുടെ വീടും ഓട്ടോറിക്ഷയും തകര്‍ത്തു. ഇനി ഈ നാട്ടില്‍ എങ്ങനെ ജീവിക്കും എന്നാണ് വിനോദിന്റെ ചോദ്യം. പിണറായി വിജയന്റെ അടുത്ത ബന്ധുവാണ് വിനോദിന്റെ ഭാര്യ സുതാര്യ. സുതാര്യയുടെ അമ്മ രോഹിണിയുടെ അമ്മാവന്റെ മകനാണ് പിണറായി വിജയന്.
പിണറായി വിജയന്റെ മറ്റൊരു ബന്ധുവായ പ്രേംജിത്തിന്റെ കാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകനായതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേംജിത്തിന്റെ കൈപ്പത്തി സി.പി.എമ്മുകാര്‍ വെട്ടിമാറ്റിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം സി.പി.എം തേര്‍വാഴ്ച നടന്നിട്ട് ഇതുവരെയും മിക്ക വീടുകളിലും പൊലീസ് എത്തിയിട്ടില്ല. ഭരണം തുടങ്ങും മുമ്പു തന്നെ ഇങ്ങനെയാണ് സ്ഥിതി എങ്കില്‍ ഇനിയുള്ള നാളുകളില്‍ ഇവിടെ എങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
തകര്ക്കപ്പെട്ടവീടുകള് ആര്.എസ്.എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, സംഭാഗ് കാര്യവാഹ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ബി.ജെ.പി നേതാക്കളായ പി.സ്ത്യപ്രകാശ്, കെ.രഞ്ജിത്ത്, പി.കെ.വേലായുധന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.