ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ദൈനംദിന പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത് പരിപാടി. ജലവിഭവവും, വനസമ്പത്തും സംരക്ഷിക്കേണ്ടത് ഒരോ പൗരന്റെയും ചുമതലയാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ ചെറിയ നേട്ടങ്ങളെ പോലും അഭിനന്ദിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ മന് കി ബാത് ആരംഭിച്ചത്. രാജ്യത്ത് താപനില ഭീതിതമായ രീതിയില്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഇത്തവണ കാലവര്‍ഷം എത്താന്‍ ഒരാഴ്ച കൂടി വൈകും എന്ന വാര്‍ത്ത ഏറെ ആശങ്കപ്പെടുത്തുന്നു. ജലവിഭവവും വനസമ്പത്തും സംരക്ഷിക്കേണ്ടത് ഒരോ പൗരന്റേയും കടമയെന്ന് പ്രധാനമന്ത്രി ഓര്മ്മപ്പെടൂത്തി.
ജലസമ്പത്തിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ജലം പാഴാക്കുന്നത് പരമാവധി കുറയ്ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
അതേ സമയം പരീക്ഷാഫലങ്ങളെ വിലയിരുത്തി വിദ്യാര്‍ത്ഥികളെ സമ്മര്ദ്ധത്തിലാഴ്ത്താതെ അവരുടെ ചെറിയ നേട്ടങ്ങളെ പോലും അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗയെ ജീവിതചര്യയാക്കി മാറ്റണമെന്നും ഒളിംപിക്സിലടക്കം പങ്കെടുക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.