പാലക്കാട്: മഴദൈവം കനിഞ്ഞിട്ടും മലമ്പുഴയിലെ വനവാസി ഊരുകളില്‍ കുടിവെള്ളമില്ല. മലമ്പുഴ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. വര്‍ഷങ്ങളായി വനവാസികള്‍ അനുഭവിക്കുന്ന ഈ ദുരിതത്തെ ഭരണാധികാരികളും തിരിഞ്ഞു നോക്കുന്നില്ല.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ശക്തമായ മഴ പെയ്തതോടെ ഈ പ്രശ്നത്തിന് താല്കാലിക ശമനമായി. എന്നാല്‍ മലമ്പുഴയിലെ ചേമ്പന, അടുപ്പുകോളനി, കവ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഇനിയും കിട്ടാക്കനി. വേനല്‍ കനത്തപ്പോള്‍ ഈ ഭാഗങ്ങളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മലമ്പുഴ പഞ്ചായത്താണ് വെള്ളം നല്‍കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോഴാണ് ഇവര്‍ക്ക് വെള്ളം ലഭിക്കുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശാശ്വത പരിഹാരമാണ് ഇവരുടെ ആവശ്യം. സിപിഎമ്മാണ് കാലങ്ങളായി മലമ്പുഴ പഞ്ചായത്ത് ഭരിക്കുന്നത്. നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ആരും നടപടിയെടുക്കുന്നില്ല.
ഈ ഭാഗങ്ങളില്‍ മിക്ക വീടുകളിലും കിണറുകളില്ല. ചിലയിടങ്ങളില്‍ പഞ്ചായത്ത് ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗശൂന്യം. മഴ ശക്തമായി പെയ്യുമ്പോഴും കുടിവെള്ളത്തിനായി കേഴുന്ന അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.