രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തി. ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയുമായും പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
15 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത് . ടെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഇറാന് ധനമന്ത്രി അലി തയ്യെബ്നിയ വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു .
ഇറാനിലെ ഭായി ഗംഗാ സിംഗ് സഭാ ഗുരുദ്വാര സന്ദർശിച്ച പ്രധാനമന്ത്രി ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുളള സന്ദർശനത്തിൽ വാണിജ്യം, പശ്ചാത്തല വികസനം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുളള കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവെയ്ക്കും .
ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ചബഹർ തുറമുഖത്തിന്റെ വികസന പദ്ധതി സംബന്ധിച്ച സുപ്രധാനകരാറിലും പ്രധാനമന്ത്രി ഒപ്പു വയ്ക്കും. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാനും പദ്ധതിയിൽ പങ്കാളിയാകും. കൂടാതെ ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുളള എണ്ണ ഇറക്കുമതി ഇരട്ടിയാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും.
ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പിന്‍വലിച്ച ശേഷമുളള പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും കാണുന്നത്.