ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജെ. ജയലളിത അധികാരമേറ്റു. മദ്രാസ് സർവകലാശാല സെന്‍റിനറി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരമേറ്റ ഉടനെ തന്നെ പ്രധാനപ്പെട്ട അഞ്ച് ജനപ്രിയ ഉത്തരവുകളിലും ജയലളിത ഒപ്പുവച്ചു.
തമിഴ്‌നാട്ടിലെ പതിനഞ്ചാം മന്ത്രിസഭയാണ് ഇന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ നേതൃത്വത്തിൽ അധികാരമേറ്റത്. പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ 28 മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു. ജയലളിതയെ തുടർന്ന് 14 പേർ വീതമുളള രണ്ട് സംഘങ്ങളായാണ് മറ്റു മന്ത്രിമാരും സ്ഥാനമേറ്റത്.
സംസ്ഥാനത്തെ മദ്യഷാപ്പുകളുടെ പ്രവർത്തന സമയം കുറയ്‌ക്കുക, എല്ലാ ഉപഭോക്താകൾക്കും ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതിയും, കൈത്തറിക്കാർക്ക് 750 യൂണിറ്റ് വൈദ്യുതിയും സൗജന്യം, കാർഷികവായ്പകൾ എഴുതി തളളുക, നിർദ്ധന പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണം സൗജന്യം, തുടങ്ങിയവയാണ് ഇന്ന് ജയലളിത ഒപ്പുവച്ച ഉത്തരവുകൾ.
സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും, പൊൻരാധാകൃഷ്ണനും എത്തിയിരുന്നു. കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞയോടനുബന്ധിച്ച് നഗരത്തിൽ ഒരുക്കിയിരുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി പാതയുടെ ഇരുവശത്തും എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. മെയ് 16ന് നടന്ന തെരഞ്ഞെടുപ്പിൽ ഇരുനൂറ്റിമുപ്പത്തിനാലിൽ 132 സീറ്റുകളും പിടിച്ചെടുത്താണ് ജയലളിത സർക്കാർ രണ്ടാമതും അധികാരത്തിലെത്തുന്നത്.
1984ലെ എം.ജി.ആർ മന്ത്രിസഭയ്‌ക്ക് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുന്നത്.