കൊച്ചി: എറണാകുളം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. പനിയും ഡെങ്കിപ്പനിയും വയറിളക്കവുമായി നിരവധി ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. തെരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതും, പെട്ടെന്ന് എത്തിയ മഴയുമാണ് രോഗങ്ങള്‍ പൊട്ടി പുറപ്പെടാന്‍ കാരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം.
ജൂണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കൊച്ചി രോഗ ശയ്യയിലേക്ക് അമര്‍ന്നിരിക്കുകയാണ്. പനിയും ഡെങ്കിപ്പനിയും, വയറിളക്കവും എല്ലാം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി പടര്‍ന്നു പിടിക്കുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ ഉണ്ടായ വീഴ്ചയാണ് സാംക്രമിക രോഗങ്ങളുടെ കെണിയിലേക്ക് കൊച്ചിയെ വീഴ്ത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് മാത്രം ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധ തിരിഞ്ഞതും ഇതിനൊരു കാരണം ആയി എന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ജനുവരി മുതല്‍ അറുപതിനായിരത്തോളം ആളുകളാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. പതിനായിരം പേര്‍ക്ക് വയറിളക്കവും. 85ഓളം പേര്‍ക്ക് ഡെങ്കിപ്പനിയും 50 ഓളം ആളുകള്‍ക്ക് മലേറിയയും പിടിപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ കൂടി കണക്കുകള്‍ എടുത്താല്‍ സ്ഥിതി ഇതിലും ഭയാനകമാകും.