വിയറ്റ്നാമിനെതിരെ ഏർപ്പെടുത്തിയിരുന്ന ആയുധ ഉപരോധം അമേരിക്ക പൂർണ്ണമായും നീക്കി. പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ വിയറ്റ്നാം സന്ദർശന വേളയിലാണ് ചരിത്രപരമായ തീരുമാനം.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ പ്രസിഡന്‍റ് ട്രായ് ഡായ് ക്വാങുമായുള്ള കൂടിക്കാഴ്ചയ്‍ക്കുശേഷമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ചരിത്രപരമായ തീരുമാനം. 1984മുതൽ വിയറ്റ്‍നാമിനെതിരെ ഏർപ്പെടുത്തിയ ആയുധ ഉപരോധമാണ് അമേരിക്ക പൂർണ്ണമായും നീക്കിയത്.
2004ൽ ഉപരോധം യുഎസ് ഭാഗികമായി നീക്കിയിരുന്നു.വിയറ്റ്നാമുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗം മാത്രമാണ് പുതിയ നീക്കമെന്നും ചൈനയോടുള്ള സമീപനവുമായി ഇതിന് ബന്ധമില്ലെന്നും കൂടിക്കാഴ്ചയ്‍ക്ക് ശേഷം ബരാക്ക് ഒബാമ പറഞ്ഞു. മനുഷ്യാവകാശത്തിന്‍റെ കാര്യത്തിൽ വിയറ്റ്നാം ഒരുപാട് പിന്നിലാണെന്നും അത് ഉറപ്പാക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
1975നുശേഷം ഇത് ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് വിയറ്റ്നാം സന്ദർശിക്കുന്നത്. അയൽരാജ്യങ്ങളായ ചൈനയും വിയറ്റ്നാമും തമ്മിൽ ദക്ഷിണ ചൈന ദ്വീപുകളുമായി ബന്ധപ്പെട്ടും സമുദ്രഗതാഗതവുമായി ബന്ധപ്പെട്ടും ചില തർക്കം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ പുതിയനീക്കം ചൈനയ്‍ക്കെതിരെയുള്ള ആയുധമെന്നാണ് വിലയിരുത്തൽ.