മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കില്‍. ശക്തനായ സ്ഥാനാര്ഥിയായിട്ടുകൂടി വലിയ തോല്‍വി ഏറ്റുവാങ്ങിയത് മണ്ഡലത്തില്‍ മുസ്ലീംലീഗ് വോട്ട് മറിച്ചതിനാലാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
ആര്യാടന് മുഹമ്മദ് മൂന്നരപതിറ്റാണ്ട് കുത്തകയാക്കി വെച്ച നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായതാണ് ഇപ്പോള്‍ മലപ്പുറത്തെ കോണ്‍ഗ്രസിനുള്ളില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ലീഡ് നേടിയ ലീഗ് ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായതാണ് ലീഗിനെതിരെ ആരോപണം ഉയരാന്‍ കാരണം.
വി.വി.പ്രകാശിന് പകരം ആര്യാടന് ഷൗക്കത്തിന് സ്ഥാനാര്‍ഥിത്വം കൊടുത്തതിനെത്തുടര്‍ന്ന് വോട്ട് മറിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നേതൃത്വം നല്‍കിയെന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ പരസ്പരം ആരോപണം ഉയര്‍ത്തിയത് തന്നെയാണ് മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൂടാതെ ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീഴാഞ്ഞതും ആരോപണം ചൂടുപിടിപ്പിക്കുന്നു.
അതേസമയം മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രണ്ടിരട്ടി വോട്ടുകള്‍ പിടിച്ചതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്.