കാസര്‍കോട് : കേന്ദ്ര ഊര്‍ജ വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ കാസര്‍കോട് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. 1000 ഏക്കര്‍ ഭൂമിയില്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം കാഞ്ഞങ്ങാട് മടിക്കൈ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനങ്ങള്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തനുവദിച്ച 25 സോളാര്‍ പാര്‍ക്കുകളില്‍ ഒന്നാണ് കാസര്‍കോട് യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി കാഞ്ഞങ്ങാട് മടിക്കൈ പഞ്ചായത്തിലെ 250 ഏക്കര്‍ ഭൂമിയില്‍ 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള നിര്‍മ്മാണ പ്രവത്തികള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടം 2016 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസംസ്ഥാന സംയുക്ത കമ്പനിയായ റിന്യൂവബ്ള്‍ പവര്‍ കോര്പ്പറേഷന് കേരള ലിമിറ്റഡ് സിഇഒ അഗസ്റ്റിന് തോമസ് പറഞ്ഞു.
മടിക്കൈ ഉള്‍പ്പെടെ കിനാനൂര്‍കരിന്തളം, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലാണ്് സോളാര്‍ പാര്‍ക്കിനായി 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി അടുത്ത 25 വര്‍ഷത്തേക്ക് കെഎസ്ഇബിക്ക് വില്‍ക്കാനാണ് കരാര്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഇതൊരു ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.