ന്യൂഡൽഹി: ഡൽഹി ബട്‍ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമാണെന്ന വാദം പൊളിയുന്നു. ബട്‍ല ഹൗസിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഐ.എസ് പുറത്തുവിട്ടു. ഐ.എസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേർ പിടികിട്ടാപ്പുളളികളായ ഇന്ത്യൻ മുജാഹിദീൻ ഭീകരരാണെന്ന് ഉത്തർപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ച പുറത്തു വന്ന 22 മിനിറ്റ് വീഡിയോ അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു പേരും ഇന്ത്യൻ മുജാഹിദീൻ ഭീകരരാണെന്ന് സ്ഥിരീകരിച്ചത്. അബു റഷീദ് അഹ്മദും, മുഹമ്മദ് സജിദുമാണിവരെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.
രാജ്യത്ത് നടന്ന വിവിധ ആക്രമണങ്ങളെപ്പറ്റിയും, പദ്ധതികൾ സംബന്ധിച്ചും വീഡിയോയിൽ അബു റഷീദ് അഹമ്മദ് വിശദീകരിക്കുന്നുണ്ട്. ആക്രമണങ്ങൾക്ക് ശേഷം രാജ്യം വിട്ടതെങ്ങനെ എന്ന് വിശദീകരിക്കുന്ന അഹമ്മദ്, സ്ഫോടന പരമ്പരകൾ രാജ്യം ഓർക്കുന്നില്ലേയെന്നും ചോദിക്കുന്നു.
ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ആക്രമണം നടത്തുമെന്നും റഷീദ് അഹമ്മദ് പറയുന്നു. 2005-2008 കാലയളവിൽ രാജ്യത്ത് ഇന്ത്യൻ മുജാഹിദീന്‍റെ നേതൃത്വത്തിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ പ്രധാന കണ്ണിയായി പ്രവർത്തിച്ചത് ഇയാളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
അഹമ്മദാബാദിലും ജയ്‍പൂരിലും ഉണ്ടായ സ്ഫോടന പരമ്പരകളിൽ പങ്കുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് വീഡിയോയിൽ കാണുന്ന രണ്ടാമനായ മുഹമ്മദ് സാജിദ്. ഇതോടെ ഡൽഹി ബട്‍ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമാണെന്ന വാദം കൂടിയാണ് പൊളിയുന്നത്.
ഏറെ രാഷ്‌ട്രീയ വിവാദത്തിന് ഇടയാക്കിയിയ ബട്‌ല ഹൗസ് സ്ഫോടനത്തെ പറ്റി റഷീദ് അഹമ്മദ് വിവരിക്കുന്നുണ്ട്. ഇതോടെ ബട്‌ല ഹൗസ് സ്ഥോടനത്തെ രാഷ്‌ട്രീയ ആയുധമാക്കിയ കോൺഗ്രസ് അടക്കമുളള പാർട്ടികൾ പ്രതിരോധത്തിലായി.