മലപ്പുറം: വേനല്‍ക്കാലം നമ്മളെ പഠിപ്പിച്ചത് നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രസക്തിയുമാണ്. നദീ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പുഴയിലേക്കൊരു മടക്കയാത്ര എന്ന പേരില്‍ മലപ്പുറം ജില്ലാ ഭരണകൂടം നദീ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ നദികളുടെ പുനരുജ്ജീവനമാണ് പുഴയിലേക്കൊരു മടക്കയാത്ര എന്ന പദ്ധതിയുടെ പ്രഥമ ലക്ഷ്യമെങ്കിലും ഭാരതപ്പുഴക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി ദിനം മുതല്‍ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളാണ് ജില്ലാഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ളത്. ഭാരതപ്പുഴ മലിനമാകുന്നത് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്.
ജില്ലയിലെ പ്രധാന കുടിവെള്ള ശ്രോതസുകൂടിയായ പുഴയെ സംരക്ഷിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതു ജനപങ്കാളിത്തതോടെ സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ വീണ്ടുമൊരു വരള്‍ച്ചയുടെ പിടിയില്‍ നിന്ന് ജില്ലയെ മുക്തമാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.